ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ യാത്രക്കാരിയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടി; കള്ളൻ പിടിയിലായത് പരിക്കുകളോടെ ആശുപത്രിയിലെത്തിയപ്പോൾ; സ്വർണമെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടം

Update: 2026-01-31 06:41 GMT

കോഴിക്കോട്: സ്വർണമെന്നു കരുതി സ്ത്രീയുടെ മുക്കുപണ്ട മാല പൊട്ടിച്ച് ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യുവാവ് പിടിയിലായത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ. ഉത്തർപ്രദേശിലെ ഷഹരൻപുർ സ്വദേശി ഷഹജാദ് മുഹമ്മദ് (28) ആണ് കോഴിക്കോട് റെയിൽവേ പോലീസിന്റെ പിടിയിലായത്. കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം.

ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷൻ വിട്ടതിന് തൊട്ടുപിന്നാലെ ഷഹജാദ് ഒരു യാത്രക്കാരിയുടെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാൽ, ഇയാൾ സ്വർണമെന്ന് കരുതി മോഷ്ടിക്കാൻ ശ്രമിച്ചത് മുക്കുപണ്ടമായിരുന്നു. ട്രെയിനിൽനിന്ന് ചാടിയതിനെ തുടർന്ന് ഷഹജാദിന് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇയാൾ തെങ്ങിൽനിന്ന് വീണതാണെന്ന് പറഞ്ഞ് അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.

റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർ.പി.എഫ്) നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. റെയിൽവേ പോലീസ് എസ്.ഐ. സി. പ്രദീപ്‌കുമാർ, എ.എസ്.ഐമാരായ ഷമീർ, ഷൈജു പ്രശാന്ത്, സി.പി.ഒ. സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ ഷഹജാദിനെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News