സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി; ഇതുപോലെ ഒരെണ്ണം അമ്മക്ക് വാങ്ങണമെന്ന് പറഞ്ഞ് കടയുടമയുടെ സ്വർണമാല ഊരി വാങ്ങി; തക്കം നോക്കി രണ്ടര പവന്റെ മാലയുമായി മുങ്ങി; 21കാരൻ പിടിയിൽ

Update: 2025-10-25 13:31 GMT

ഏറ്റുമാനൂർ: അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ 21-കാരൻ അറസ്റ്റിൽ. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസ് (21) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

അതിരമ്പുഴ കുരിശുപള്ളിക്ക് സമീപമുള്ള മലഞ്ചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവാവ്, കടയുടമയായ 80-കാരനുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം അദ്ദേഹത്തിന്റെ കഴുത്തിലെ സ്വർണമാല കണ്ട് നല്ലതാണെന്ന് പറഞ്ഞു. പിന്നാലെ 'ഇതുപോലെ ഒരെണ്ണം അമ്മക്ക് വാങ്ങണം' എന്ന് പറഞ്ഞ് പരിശോധിക്കാനായി ഊരി വാങ്ങി. ഇതിനിടെ, കടയുടമ സാധനങ്ങൾ എടുക്കാൻ തിരിഞ്ഞ തക്കത്തിന് യുവാവ് മാലയുമായി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞയുടൻ കേസെടുത്ത ഏറ്റുമാനൂർ പോലീസ് 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. ഹരിപ്പാടു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കവർന്ന സ്വർണമാല പോലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, എസ്.സി.പി.ഒ ജോമി, സി.പി.ഒമാരായ സാബു, അനീഷ് വി.കെ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. 

Tags:    

Similar News