സ്വർണം സൂക്ഷിച്ചിരുന്നത് ഹാന്‍ഡ് ബാഗിനുള്ളില്‍ പഴ്‌സിനകത്ത് ചെറിയ ബോക്‌സിനുള്ളിലായി; കെഎസ്ആർടിസി ബസ് യാത്രക്കിടെ വാവരമ്പലം സ്വദേശിനിയുടെ ബാഗിൽ നിന്നും കവർന്നത് 20 പവൻ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Update: 2025-08-31 07:25 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ 20 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വാവരമ്പലം എസ്എസ് മൻസിലിൽ ഷമീന ബീവിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെടുമങ്ങാട് പനവൂർ ആറ്റിൻപുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയാണ് സംഭവം. വെഞ്ഞാറമൂട്ടിൽ നിന്നു കയറിയ കെഎസ്ആർടിസി ബസിൽ പോത്തൻകോട് ടെർമിനലിൽ ഇറങ്ങി, പച്ചക്കറി കടയിൽ സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. ആറു വളകൾ, ഒരു നെക്ലസ്, രണ്ട് ജോഡി കമ്മലുകൾ, അഞ്ച് മോതിരങ്ങൾ എന്നിവയാണ് കവർന്നതെന്ന് പരാതിയിൽ പറയുന്നു.

ഹാൻഡ് ബാഗിനുള്ളിൽ ചെറിയ പഴ്സിലെ ബോക്സിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ബാഗിൻ്റെയും പഴ്സിൻ്റെയും സിബ്ബ് തുറന്നാണ് സ്വർണം മോഷ്ടിച്ചത്. സംഭവം നടന്ന സ്ഥലം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഷമീന ബീവി നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.

പോത്തൻകോട് പോലീസ് വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പോത്തൻകോട് എത്തിയ യാത്രക്കാരൻ്റെ 90,000 രൂപയും സമാനരീതിയിൽ ബസിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു. തിരക്കേറിയ ബസ് യാത്രകളിൽ യാത്രക്കാർ തങ്ങളുടെ സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Tags:    

Similar News