ഇരിക്കൂറിൽ പട്ടാപ്പകൽ വീട്ടിൽ കവർച്ച: 30 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിനടുത്ത് കല്യാട് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കവർന്നു. കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.സി. സുമലതയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം.
വ്യാഴാഴ്ച പകൽ സമയത്താണ് കവർച്ച നടന്നതെന്നാണ് നിഗമനം. വീട്ടുടമയായ സുമലത ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഈ സമയം മകൻ ജോലിസ്ഥലത്തും മരുമകൾ സ്വന്തം വീട്ടിലുമായിരുന്നു. വൈകുന്നേരം സുമലത തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് ഇരിക്കൂർ പോലീസും കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ ചവിട്ടിക്കടിയിൽ താക്കോൽ സൂക്ഷിക്കുന്ന വിവരം അറിയാവുന്ന, വീട്ടിൽ ആളില്ലെന്ന് ഉറപ്പുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇരിക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.