രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ആരംഭിച്ച് പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

Update: 2025-01-18 02:42 GMT

പാലക്കാട്: രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രങ്ങളിലാണ് മോഷണം. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്.

പെരുമാങ്ങോട് ക്ഷേത്രത്തിനു മുന്‍വശത്തെ ആല്‍മരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരവും വടുകനാംകുറുശ്ശിയില്‍ ക്ഷേത്ര മുറ്റത്തെ ഭണ്ഡാരവും കുത്തിത്തുറന്നു. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ ഗേറ്റിന്റെ പൂട്ടും തകര്‍ത്ത് അകത്തു കടന്നെങ്കിലും ഒന്നും ലഭിച്ചില്ല.

പിന്നാലെയാണ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നതെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Similar News