തൃപ്പൂണിത്തുറ സ്റ്റേഷനിൽ ജർമ്മനിയിൽ നിന്ന് ഒരു ഫോൺ കോൾ; നിമിഷ നേരം കൊണ്ട് എരൂരിലെ വീട് വളഞ്ഞ് പോലീസ്; കൂടെ അമ്പതോളം നായ്ക്കളും; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
തൃപ്പൂണിത്തുറ: എരൂരിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ എട്ടുവയസ്സുകാരനെ തൃപ്പൂണിത്തുറ പോലീസ് സുരക്ഷിതനാക്കി. അച്ഛൻ തിരിച്ചെത്താത്തതിനെ തുടർന്ന് ജർമ്മനിയിൽ ജോലി ചെയ്യുന്ന അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. ഓഗസ്റ്റ് 24-ന് രാത്രിയാണ് സംഭവം നടന്നത്.
എരൂർ തൈക്കാട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുധീഷ് എസ്. കുമാർ ആണ് മകനെ വീട്ടിൽ തനിച്ചാക്കി പോയത്. അർദ്ധരാത്രി കഴിഞ്ഞിട്ടും അച്ഛൻ തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെ അമ്മ പോലീസിന്റെ അടിയന്തിര സഹായ ടോൾ ഫ്രീ നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സന്ദേശം തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
തൃപ്പൂണിത്തുറ ഇൻസ്പെക്ടർ റിജിൻ എം. തോമസിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. സന്തോഷ് എം.ജി., എസ്.സി.പി.ഒ. അനീഷ് വാസുദേവൻ, സി.പി.ഒ. സിബിൻ വർഗീസ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്ന കുട്ടിയെ കണ്ടെത്തിയ പോലീസ്, കുട്ടിയെ സുരക്ഷിതനാക്കി. തുടർന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കളെ വിവരമറിയിച്ച് വരുത്തി കുട്ടിയെ അവർക്ക് കൈമാറി. കുട്ടിയുടെ അച്ഛനെ പിന്നീട് കണ്ടെത്തുകയും ചെയ്തു.
അതേസമയം, വീട്ടിൽ കുട്ടിയെ കൂടാതെ ഏകദേശം അമ്പതോളം വിവിധ ഇനത്തിലുള്ള നായ്ക്കളുമുണ്ടായിരുന്നു. ഭക്ഷണം ലഭിക്കാതെ നായകളും ബഹളം വെച്ച് തുടങ്ങിയിരുന്നു. അയൽവാസികളുടെ പരാതിയെ തുടർന്ന് നഗരസഭ അധികൃതർ പോലീസിന്റെ സഹായത്തോടെ നായ്ക്കളെ കൊച്ചിയിലെ കണ്ടക്കടവിലുള്ള ഷെൽട്ടറിലേക്ക് മാറ്റി.