തീർത്ഥാടകർക്ക് ആശ്വാസം; തിരുവനന്തപുരം-രാമേശ്വരം നേരിട്ടുള്ള ട്രെയിൻ സർവീസ് നാളെ മുതൽ ആരംഭിക്കും; അനുമതി നൽകി റെയിൽവേ ബോർഡ്
തിരുവനന്തപുരം: തിരുവനന്തപുരം-രാമേശ്വരം നേരിട്ടുള്ള ട്രെയിൻ സർവീസ് നാളെ മുതൽ ആരംഭിക്കും. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343/44) രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ഈ തീരുമാനം കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്കും മറ്റുള്ളവർക്കും വലിയ ആശ്വാസമാകും.
പുതിയ സമയക്രമം അനുസരിച്ച്, ട്രെയിൻ തിരുവനന്തപുരത്തു നിന്ന് രാത്രി 8.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്തെത്തും. തിരിച്ച് രാമേശ്വരത്തു നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മധുരയ്ക്കും രാമേശ്വരത്തിനും ഇടയിലുള്ള മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
ഏറെക്കാലമായി കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്ന് രാമേശ്വരത്തേക്ക് ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ, ഗേജ് മാറ്റത്തിന്റെ ഭാഗമായി ഈ സർവീസുകൾ നിർത്തലാക്കുകയായിരുന്നു. 2018ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും രാമേശ്വരം സർവീസുകൾ പുനരാരംഭിക്കാത്തതിൽ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.