രഹസ്യവിവരത്തിൽ പരിശോധന; മലപ്പുറത്ത് മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന രണ്ട് പേർ അറസ്റ്റിൽ; മൊബൈൽ ഫോണുകളും പണവും പിടിച്ചെടുത്തു
മലപ്പുറം: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ രണ്ട് പേരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടിയത്. കെ.പുരം കരിമ്പനക്കൽ സ്വദേശി ഉമ്മർ ശരീഫ് (33), അരിയല്ലൂർ കൊടക്കാട് സ്വദേശി ആദർശ് സുന്ദർ (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 9600 രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
താനൂർ ഡി.വൈ.എസ്.പി. പി.പ്രമോദിന്റെ നിർദ്ദേശപ്രകാരം താനൂർ ഇൻസ്‌പെക്ടർ കെ.ടി.ബിജിത്ത്, സബ് ഇൻസ്‌പെക്ടർ സുകീഷ് കുമാർ, സി.പി.ഒമാരായ വിനീത്, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി. പ്രതികൾക്കെതിരെ നേരത്തെയും ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.