വാക്കുതർക്കം കയ്യാങ്കളിയായി; വർക്കലയിൽ രണ്ട് ഓട്ടോ ഡ്രൈവർമാരെ കുത്തിപ്പരിക്കേൽപ്പിച്ചു; യുകെ മലയാളി അറസ്റ്റിൽ

Update: 2026-01-04 17:25 GMT

തിരുവനന്തപുരം: വർക്കല പാപനാശത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റ സംഭവത്തിൽ യുകെ മലയാളി അറസ്റ്റിൽ. സുരേഷ് എന്ന ആളെയാണ് വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് മൂന്നരയോടെ പാപനാശം ആൽത്തറമൂട് ജംഗ്ഷനിലായിരുന്നു ആക്രമണം. പരിക്കേറ്റ ഓട്ടോ ഡ്രൈവർമാരായ സുരേഷിനെയും സന്ദീപിനെയും വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുകെ മലയാളിയായ സുരേഷും ഓട്ടോ തൊഴിലാളികളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലും പിന്നീട് കത്തിക്കുത്തിലും കലാശിച്ചത്. വാക്കേറ്റത്തിനിടെ വർക്കല ചാവടിമുക്ക് സ്വദേശിയായ സന്ദീപിനാണ് ആദ്യം കുത്തേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു ഓട്ടോ ഡ്രൈവറായ സുരേഷിനും പിന്നീട് കുത്തേൽക്കുകയായിരുന്നു. സന്ദീപിന്റെ മുതുകിലും ഓട്ടോ ഡ്രൈവർ സുരേഷിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്.

പഴം മുറിക്കാൻ ഉപയോഗിക്കുന്ന ചെറിയ കത്തിയായിരുന്നു അക്രമത്തിന് ഉപയോഗിച്ചത്. സംഭവത്തിനിടെ അക്രമി സുരേഷിനും കയ്യാങ്കളിയിൽ പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ വർക്കല പൊലീസിനെ അറിയിക്കുകയും, സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് വർക്കല പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News