ചെന്നിത്തലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഉണ്ടായ അപകടം; കാണാതായ രണ്ട് തൊഴിലാളികൾ മരിച്ചു; അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Update: 2025-08-04 17:06 GMT

ആലപ്പുഴ: ചെന്നിത്തലയിൽ നിർമാണത്തിലിരുന്ന കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ തകർന്നുവീണ് കാണാതായ രണ്ട് തൊഴിലാളികൾ മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. പാലം തകർന്ന് ഏഴ് തൊഴിലാളികളാണ് വെള്ളത്തിൽ വീണത്. അഞ്ച് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ രണ്ട് തൊഴിലാളികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അപകടം ഉണ്ടായ സ്ഥലത്തു നിന്നും 50 മീറ്റർ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മന്ത്രി സജി ചെറിയാൻ, യു പ്രതിഭ എംഎൽഎ തു‌‌ടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കാണാതായവർക്കായുള്ള തിരച്ചിൽ നടന്നത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് സ്ക്യൂബ ടീമും ആലപ്പുഴയിൽ നിന്ന് എത്തിയ എൻഡിആർഎഫ് ടീമുമാണ് തിരച്ചിൽ നടത്തിയത്. വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അച്ചൻകോവിലാറ്റിലെ വലിയ നീരൊഴുക്ക് തടസ്സമായിരുന്നു.

ചെന്നിത്തല- ചെട്ടികുളങ്ങര ​ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നുവീണത്. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഒടിഞ്ഞ സ്ക്രൂ മാറ്റാൻ ഇറങ്ങുമ്പോഴാണ് സ്പാൻ തകർന്ന് തൊഴിലാളികൾ വെള്ളത്തിൽ വീണത്. അതേസമയം, പാലത്തിന്റെ സ്പാൻ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വേണ്ട സുരക്ഷ മുൻ കരുതലുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News