രാത്രി റോഡിൽ വണ്ടി ഇടിക്കുന്ന ശബ്ദം; പിന്നാലെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; വിതുരയിൽ അജ്ഞാത വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം; അന്വേഷണം ഉർജിതമാക്കി പോലീസ്
തിരുവനന്തപുരം: വിതുരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉറങ്ങുകയായിരുന്ന വൃദ്ധനെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ വൃദ്ധൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വിതുര സ്വദേശി മണിയൻ സ്വാമിയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
വിതുര പൂവാട്ട് സെന്റ് തോമസ് ദേവാലയത്തിന് എതിർവശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മണിയൻ സ്വാമി സ്ഥിരമായി രാത്രികാലങ്ങളിൽ ഉറങ്ങാറുള്ളത്. കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ അമിതവേഗതയിലെത്തിയ ഒരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ മണിയൻ സ്വാമിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിച്ചിട്ട വാഹനം നിർത്താതെ ഓടിച്ചുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് വിതുര പോലീസ് അന്വേഷണം ആരംഭിച്ചു. അപകടം നടന്ന സ്ഥലത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ ഊർജിതമായ തിരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.