ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്; ആശുപത്രിയിലെ ഡോക്ടര്‍മാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാര്‍ട്ടിയോട് എല്ലാവരോടും നന്ദിയുണ്ട്; കുറിപ്പുമായി വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍
കുറിപ്പുമായി വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍
തിരുവനന്തപുരം: അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലര്‍ത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയെന്ന് വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. വിഎസ് രോഗശയ്യയില്‍ കഴിയവേ, കാണാന്‍ താല്‍പര്യപ്പെട്ട നൂറുകണക്കിന് പേരെ ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാല്‍ കാണിക്കാന്‍ കഴിഞ്ഞില്ല. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാന്‍ പോലും ഏറെ സമയമെടുത്തു. ആശുപത്രിയിലെ ഡോക്ടര്‍മാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാര്‍ട്ടിയോട്, എല്ലാവരോടും നന്ദിയുണ്ടെന്നും അരുണ്‍ കുമാര്‍ കുറിച്ചു.
വി എ അരുണ്‍ കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലര്‍ത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയില്‍ കിടക്കുന്ന അച്ഛനെ കാണാന്‍ താല്‍പ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു.
ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നതിനാല്‍ അന്ത്യ നാളുകളില്‍ ആരെയും കാണാന്‍ അനുവദിക്കാന്‍ കഴിഞ്ഞില്ല. പലര്‍ക്കും ഇക്കാര്യത്തില്‍ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയില്‍ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്.
അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാന്‍ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓര്‍ത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കണ്‍മുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാര്‍ട്ടിയോട്....