ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായോ വിഭാഗീയമായോ കാണേണ്ടതില്ല; സംഗമം നടത്താനുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേത്; ശബരിമല സമരവുമായി ബന്ധപ്പെട്ട ജാമ്യമില്ലാ കേസുകള്‍ മെറിറ്റ് നോക്കി പിന്‍വലിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍
ആഗോള അയ്യപ്പ സംഗമത്തെ രാഷ്്ട്രീയമായോ വിഭാഗീയമായോ കാണേണ്ടതില്ല
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാനുള്ള തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ ആശയം മുന്നോട്ടുവെച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തീര്‍ത്ഥാടനകാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട്, തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് ഒരു കൂട്ടായ്മ സംഘടിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നതായും മന്ത്രി വാസവന്‍ പറഞ്ഞു. ഈ ആവശ്യം നേരത്തെയെടുത്ത തീരുമാനത്തിന് സഹായകമായി. ദേവസ്വം ബോര്‍ഡിന് ഒറ്റയ്ക്ക് ഇത്തരം ഒരു വലിയ സംഗമം നടത്താന്‍ സാധ്യമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തെ രാഷ്ട്രീയമായോ വിഭാഗീയമായോ കാണേണ്ടതില്ലെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് സഹായം അഭ്യര്‍ത്ഥിച്ചാല്‍ മതനിരപേക്ഷ സര്‍ക്കാര്‍ സഹായം ചെയ്തു കൊടുക്കേണ്ടതല്ലേ. അത് സര്‍ക്കാരിന്റെ ചുമതലയാണ്. ശബരിമലയില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാലിനെ കണ്ടത്. മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനായി ദേവസ്വം മന്ത്രി എന്ന നിലയിലാണ് താന്‍ ചെന്നൈയില്‍ പോയത്. താനൊറ്റയ്ക്കല്ല ദേവസ്വം കമ്മീഷണറും സെക്രട്ടറിയുമെല്ലാം ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് വരാന്‍ കഴിയില്ലെന്നും പകരം തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ബാബു, ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവരെ അയക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് പ്രതിപക്ഷം കാര്യം മനസ്സിലാകാതെയാണ് പ്രതികരിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയമാണ്. ശബരിമലയുടെ വികസനമാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മുഖ്യലക്ഷ്യം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യമാണ്. സുപ്രീംകോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ആ വിഷയത്തില്‍ ഇവിടെ ചര്‍ച്ചയില്ല. അതില്‍ സമയം വരുമ്പോള്‍ കൂടിയാലോചിച്ച് ചെയ്യും. ശബരിമല സമരവുമായി ബന്ധപ്പെട്ട ചെറിയ കേസുകള്‍ പിന്‍വലിച്ചു. നോണ്‍ ബെയ്ലബിള്‍ ആയ കേസുകള്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന് പറ്റില്ല. കോടതിയുടെ അനുമതിയോടെ മാത്രമേ അതിന് കഴിയൂ. ആ കേസുകള്‍ ഗൗരവത്തോടെ നടത്തുന്ന രീതിയല്ല ഇപ്പോള്‍ സര്‍ക്കാരിന്റേത്. കോടതിയുടെ അനുമതി കിട്ടിയാല്‍ അനുഭാവപൂര്‍വം ഓരോ കേസിന്റെയും മെറിറ്റ് നോക്കി പിന്‍വലിക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് മൂന്നു പ്രധാന കാര്യങ്ങളാണ് മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. സംഗമം ശബരിമലയിലല്ല, പമ്പയിലാണ് നടക്കുന്നത്. ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഹൈ പവര്‍ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 773 കോടി രൂപയുടെ വികസനം ശബരിമലയിലും 250 കോടി രൂപയുടെ വികസനം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലുമായി നടപ്പാക്കാനുള്ള പദ്ധതികളുണ്ട്. ഈ പദ്ധതികള്‍ മന്ത്രിസഭ അംഗീകരിക്കുകയും നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനോടൊപ്പം ശബരിമല വിമാനത്താവളത്തിനായുള്ള സ്ഥലമെടുപ്പ് തുടരുകയാണെന്നും, ശബരിമല റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായും മന്ത്രി അറിയിച്ചു. ഈ പുതിയ സൗകര്യങ്ങളും നിലവില്‍ നടന്നുവരുന്ന വികസന കാര്യങ്ങളും വിദേശികളും സ്വദേശികളുമായ അയ്യപ്പ ഭക്തരുമായി ചര്‍ച്ച ചെയ്യുകയാണ് അയ്യപ്പസംഗമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.