കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ദ കേരള സ്‌റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിന്? ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഏതു തുണി കൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കണ്ടറിയുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
ദ കേരള സ്‌റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിന്?
തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട 'ദ കേരള സ്റ്റോറി'ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും.
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
അതിനിടെ, പ്രതിഷേധം ശക്തമായതോടെ എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണ. സിനിമയ്ക്ക് എതിരായ പ്രതിഷേധം കടുത്തതോടെയാണ് നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശപ്രകാരം മാറ്റങ്ങള്‍ വരുത്തും. 17 ഭാഗങ്ങളിലാണ് മാറ്റം വരുത്തുന്നത്. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. വില്ലന്‍ കഥാപാത്രത്തിന്റ പേരും മാറ്റും.
വോളന്ററി മോഡിഫിക്കേഷന്‍ വരുത്താനാണ് തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദര്‍ശനം തുടരും. എന്നാല്‍ ഇത് റീ സെന്‍സറിങ് അല്ല, മോഡിഫിക്കേഷന്‍ ആണെന്നാണ് വിവരം.