'പണി പൂര്‍ത്തിയാവുമ്പോള്‍ വന്ന് റീലിടാന്‍ മാത്രമല്ല, പണി നടക്കുമ്പോള്‍ കമ്പിയും സിമന്റുമിടുന്നുണ്ടെന്നും ഉറപ്പുവരുത്തണം'; മന്ത്രി മുഹമ്മദ് റിയാസിനെതിരെ വി.ടി. ബല്‍റാം
മന്ത്രി മുഹമ്മദ് റിയാസിനെതിരെ വി.ടി. ബല്‍റാം
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ബീച്ച് ഭാഗത്ത് മേല്‍പ്പാലം നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. പണി പൂര്‍ത്തിയാവുമ്പോള്‍ വന്ന് റീലിടാന്‍ മാത്രമല്ല, പണി നടക്കുമ്പോള്‍ കമ്പിയും സിമന്റുമിടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൂടി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.
'കാര്യം ദേശീയപാതയാണെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ വേണ്ടിയുള്ളതാണ് ഈ റോഡുകള്‍. അതുകൊണ്ടുതന്നെ സംസ്ഥാനമാണോ കേന്ദ്രമാണോ കള്ളപ്പണി നടത്തുന്നതെന്ന് തര്‍ക്കിച്ചിട്ട് കാര്യമില്ല. നിര്‍മ്മാണത്തിലെ അപാകതകളേക്കുറിച്ച് പൂര്‍ത്തിയായ പല റീച്ചുകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവയില്‍ കൃത്യമായ അന്വേഷണം വേണം. കുറ്റക്കാരെ പുറത്തു കൊണ്ടുവരണം. വീഴ്ചകള്‍ പരിഹരിക്കണം. ചെയ്ത പണികളുടെ ഗുണനിലവാരം സമഗ്രമായി പരിശോധിക്കണം. ബാക്കിയുള്ള പ്രവൃത്തികള്‍ ഗുണനിലവാരത്തോടെയാണ് നടക്കുക എന്നുറപ്പ് വരുത്തണം' -ബല്‍റാം ആവശ്യപ്പെട്ടു.
മേല്‍പാലത്തിന്റെ നാല് ഗര്‍ഡറുകളാണ് ഇന്നലെ നിലംപതിച്ചത്. ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതാ ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബലക്ഷയമുണ്ടെന്ന ആക്ഷേപത്തില്‍ വിശദപരിശോധന നടത്തുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.