വടക്കുംകൂർ ഹിസ്റ്ററി പ്രമോഷൻ സൊസൈറ്റി കൗൺസിൽ സംസ്ഥാനതലത്തിൽ സെമിനാർ സംഘടിപ്പിച്ചു; ചരിത്രം പുതുതലമുറയ്ക്ക് ബോധ്യമാവുംവിധം പുനർസൃഷ്ടിക്കപ്പെടുന്നത് പ്രശംസനീയമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള
കടുത്തുരുത്തി: ലോകത്ത് വിവിധ രാജ്യങ്ങൾ പ്രതിസന്ധി കാലഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ അവർക്കൊക്കെ തുണയായത് ഭാരതമാണെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നതായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ചരിത്രം പുതുതലമുറയ്ക്ക് ബോധ്യമാവുംവിധം പുനർസൃഷ്ടിക്കപ്പെടുന്നത് പ്രശംസനീയമാണെന്നും വടക്കുംകൂർ രാജ്യവും കടുത്തുരുത്തിയും എന്ന് വിഷയത്തിൽ കടുത്തുരുത്തി വടക്കുംകൂർ ഹിസ്റ്ററി പ്രമോഷൻ സൊസൈറ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതലത്തിലുള്ള സെമിനാറിന്റെയും പൗരാണിക ചരിത്രഗ്രന്ഥത്തിന്റെയും പ്രീ പബ്ലിക്കേഷൻ പ്രഖ്യാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഗോവ ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള.
കടുത്തുരുത്തി താഴത്തു പള്ളി ഓഡിറ്റോറിയത്തിലെ ഉണ്ണി നീലി നഗറിൽ സംഘടിപ്പിച്ച ചടങ്ങിൽ വടക്കുംകൂർ ഹിസ്റ്ററി കൗൺസിൽ ചെയർമാൻ, മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായിരുന്നു. കടുത്തുരുത്തിയും സമീപപ്രദേശങ്ങളുമായി ബന്ധപ്പെട്ട വടക്കുംകൂർ രാജ്യത്തിന്റെ ഔദ്യോഗിക ചരിത്രഗ്രന്ഥം ഇതുവരെയും രചിക്കപ്പെട്ടിട്ടില്ല എന്നത് ഗൗരവമായി കണക്കിലെടുത്തുകൊണ്ടാണ് ഹിസ്റ്ററി പ്രമോഷൻ കൗൺസിൽ പുതിയ ഉദ്യമത്തിന് മുൻകൈയെടുക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. മതമൈത്രിയുടെയും മതസൗഹൃദത്തിന്റെയും വലിയ സന്ദേശമാണ് വടക്കൻകൂർ രാജ്യത്തിന്റെ ചരിത്ര കാലഘട്ടം എന്ന് യോഗത്തിൽ വടക്കുംകൂർ വിഷയാവതരണം നടത്തിയ മുൻ ഡിജിപി,ഡോക്ടർ അലക്സാണ്ടർ പി ജേക്കബ് പറഞ്ഞു.
എഡി 1100 മുതൽ 1800 വരെ 700 വർഷക്കാലം വടക്കൻകൂർ രാജഭരണം നടത്തിയിരുന്നതായി ചരിത്രരേഖകൾ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറ് തീരം മുതൽ തെക്കേ അതിരായ അതിരമ്പുഴ കോട്ടമുറിയും വേദഗിരി ഭാഗവും കിഴക്ക് തമിഴ്നാട് അതിർത്തിയായും വടക്ക് വൈക്കം ചെമ്പുവരെയും വ്യാപിച്ചു കിടന്നിരുന്ന വിശാലമായ രാജ്യമായിരുന്നു വടക്കൻകൂർ. ചരിത്രത്തിൽ സിന്ധുദീപം കടംേരി എന്നും ഇപ്പോൾ കടുത്തുരുത്തി എന്നും അറിയപ്പെടുന്നതാണ് നാടിന്റെ പെരുമ. വടക്കൻ കൂറിന്റെ ചരിത്ര പഠനം ഒരു സാംസ്കാരിക വിസ്മയം ആയിട്ടാണ് ഹിസ്റ്ററി പ്രമോഷൻ കൗൺസിൽ കരുതുന്നത്.
ഭാവി കാലഘട്ടത്തിലും വരും തലമുറയ്ക്കും വേണ്ടി ഒരു കരുതലായി സൂക്ഷിക്കുവാനുള്ള ചരിത്രഗ്രന്ഥം തയ്യാറാക്കുക എന്നുള്ള ഉദ്യമമാണ് സൊസൈറ്റി ഏറ്റെടുത്തിരിക്കുന്നത്. വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കടുത്തുരുത്തി യിൽ നിന്നും ഒരു ചരിത്ര ഗ്രന്ഥം തയ്യാറാക്കുവാനുള്ള ഉത്തരവാദിത്വം ചരിത്ര ദൗത്യം ആയാണ് ഹിസ്റ്ററി പ്രമോഷൻ സൊസൈറ്റി കൗൺസിൽ ഏറ്റെടുത്തിരിക്കുന്നത്. അതിനായി കടുത്തുരുത്തി മേഖലയിലെ മുഴുവൻ ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളുടെയും ചരിത്രവും ഐതിഹ്യവും രേഖാമൂലം തയ്യാറാക്കി നൽകണമെന്ന് അഭ്യർത്ഥനയും കൗൺസിൽ മുന്നോട്ടുവച്ചിരുന്നു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.