കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നത് ഗൗരവത്തോടെ കാണണം; വെള്ളാപ്പള്ളിയെ പിന്തുണച്ച് ഹിന്ദു ഐക്യവേദിയും
വെള്ളാപ്പള്ളിയെ പിന്തുണച്ച് ഹിന്ദു ഐക്യവേദിയും
കോട്ടയം: കോട്ടയത്ത് നടന്ന നേതൃസംഗമം പരിപാടിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും. കേരളത്തില്‍ ജനാധിപത്യത്തിന് മേല്‍ മതാധിപത്യമാണ് നിലനില്‍ക്കുന്നത് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ് എന്നായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പ്രതികരിച്ചു.
ക്രമാതീതമായി വര്‍ധിക്കുന്ന കേരളത്തിലെ ജനസംഖ്യ അസന്തുലിതാവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബാബു ചൂണ്ടിക്കാട്ടി. 2040ഓടെ കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. 30 ശതമാനം വരുന്ന സംഘടിത മതശക്തികൊണ്ട് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അവരുടെ തിട്ടമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ തയാറാകുന്നതെന്നും ബാബു ആരോപിച്ചു.
കൊച്ചിയില്‍ നടന്ന ആദരിക്കല്‍ ചടങ്ങിലാണ് മന്ത്രി വി.എന്‍. വാസവന്‍ വെള്ളാപ്പള്ളിയെ പുകഴ്ത്തിയിരുന്നു. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ഭാവനാസമ്പന്നനായ നേതാവ് വെള്ളാപ്പള്ളി എന്നായിരുന്നു വാസവന്റെ പുകഴ്ത്തല്‍. മാത്രമല്ല, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്.എന്‍.ഡി.പി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തമാക്കി മാറ്റിയെന്നും വാസവന്‍ പറയുകയുണ്ടായി.
കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് വി.എസ്. അച്യൂതാനന്ദന്‍ മുമ്പ് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നും വെള്ളാപ്പള്ളി പറഞ്ഞു.