സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നത് തെറ്റ്; ഗതാഗത നിയമങ്ങൾ കാറ്റിൽപറത്തുന്നവർക്കെതിരെ കർശന നടപടി; ഇനിമുതൽ റോഡിൽ 'റീൽസ്' വേണ്ട; പൊതുനിരത്തിലെ റീൽസ് ഷൂട്ടിനെതിരെ വടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Update: 2024-12-12 04:14 GMT

കോഴിക്കോട്: ഗതാഗത നിയമങ്ങൾ കാറ്റിൽപറത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകുകയും ചെയ്തു. ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെ കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കോഴിക്കോട് പൊലീസ് കമ്മീഷണർ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശത്തിൽ ഉണ്ട്. ഇത്തരം സംഭവങ്ങൾ മത്സര ഓട്ടത്തിൽ ഏർപ്പെടുന്നവർക്ക് പുറമേ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാണെന്ന് ഉത്തരവിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ ഫാൻസ്‌ വർധിക്കാൻ അപകടകരമായ നിലയിൽ റീലുകൾ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കമ്മീഷൻ പറഞ്ഞു. ഇത്തരം ചിത്രീകരണങ്ങൾക്കായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അപകടരമായി വാഹനം ഓടിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മത്സര ഓട്ടങ്ങൾക്കായുള്ള മൈതാനമായി പൊതുനിരത്തുകളെ മാറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News