വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നല്‍കി പണം തട്ടുന്നു; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി തുറമുഖ കമ്പനി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി തുറമുഖ കമ്പനി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നല്‍കി പണം തട്ടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
ഇ-മെയില്‍, വാട്ട്‌സാപ് സന്ദേശങ്ങളിലൂടെ വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ പണം വാങ്ങുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ നിയമനങ്ങള്‍ക്കായി ഒരു ഏജന്‍സിയേയും നിയോഗിച്ചിട്ടില്ലെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങള്‍ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്‌സൈറ്റായ ംംം.്ശ്വവശിഷമാുീൃ.േശിലും പ്രസിദ്ധീകരിക്കുന്നതാണെന്നും വ്യാജ തൊഴില്‍ പരസ്യങ്ങളില്‍പ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി വ്യക്തമാക്കി.
വിഴിഞ്ഞംഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനെ പ്രതിനിധീകരിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ വാഗ്ദാനങ്ങളില്‍പ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കമ്പനി ഉത്തരവാദി ആയിരിക്കില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം തുറമുഖത്ത് ഒഴിവുണ്ടെന്ന തരത്തില്‍ ഒഎല്‍എക്‌സ് ആപ്പില്‍ പരസ്യം വന്നിരുന്നു. പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും പരസ്യം പ്രത്യക്ഷപ്പെട്ടു.
തുറമുഖ കമ്പനി അധികൃതര്‍ പരാതി നല്‍കിയതോടെ ഇത് അപ്രത്യക്ഷമായി. പരസ്യത്തില്‍ നല്‍കിയ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടുമ്പോള്‍ സ്വിച്ച് ഓഫ് ആണ്. ഈ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.