636 കപ്പലുകള്‍ വരികയും 14 ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമെന്നും സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്ന് സര്‍ക്കാര്‍. വാണിജ്യപരമായ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍, ലക്ഷ്യമിട്ടതിലും നാലു ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ അധികം കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. അടുത്ത ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
2024 ഡിസംബര്‍ മൂന്നിനാണ് എന്‍ജിനീയര്‍മാര്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുറമുഖത്തിന്റെ ആദ്യ വര്‍ഷത്തെ ലക്ഷ്യം 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 636 കപ്പലുകള്‍ വരികയും 14 ലക്ഷത്തോളം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തീരങ്ങളില്‍ മുന്‍പ് വന്നിട്ടില്ലാത്ത എംഎസ്‌സി ടര്‍ക്കി, എംഎസ്‌സി ഐറീന, എംഎസ്‌സി വെറോന ഉള്‍പ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു.
തുറമുഖത്തിന്റെ രണ്ടും, മൂന്നും, നാലും ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തില്‍, നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 1200 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ച് 2000 മീറ്റര്‍ ബര്‍ത്താക്കി മാറ്റും. ഇതോടെ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്കിറക്കാന്‍ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ച് 3900ല്‍ പരം മീറ്ററാക്കി മാറ്റും.
ജനുവരി രണ്ടാം വാരത്തില്‍ അടുത്ത ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുക. പുതിയ കരാര്‍ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ 2028-ഓടു കൂടി പൂര്‍ത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു. താല്‍ക്കാലികമായി നിര്‍മ്മിച്ച അപ്രോച്ച് റോഡിന്റെ കണക്റ്റിവിറ്റി പണി പൂര്‍ത്തിയാക്കുകയും അതിന്റെ ഉദ്ഘാടനം ഉടന്‍ നടത്തുകയും ചെയ്യും. അതോടെ റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതത്തിന് തുടക്കമാകും.
റെയില്‍വേ കണക്റ്റിവിറ്റിക്കായി 10.7 കിലോമീറ്റര്‍ റെയില്‍വേ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തുറമുഖത്തിന് അടുത്തിടെ ഐസിപി (ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ്) സ്റ്റാറ്റസ് ലഭിച്ചതോടെ ടൂറിസം രംഗത്ത് പുതിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുമായി ആലോചിച്ച് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. കൂടാതെ, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിവരുന്ന യാര്‍ഡ് സൗകര്യങ്ങള്‍ക്കും ഇന്‍സ്പെക്ഷനുമുള്ള സംവിധാനങ്ങള്‍ക്കുമായി 50 ഹെക്ടറോളം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
നികുതി ഇനത്തില്‍ സര്‍ക്കാരിലേക്ക് ഇതുവരെ 97 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ആയിരത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചിട്ടുണ്ട്. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ 6000-ത്തിലധികം പേര്‍ക്ക് നേരിട്ടും, ലോജിസ്റ്റിക്സ് സംവിധാനങ്ങളോടും അനുബന്ധ വ്യവസായങ്ങളോടും ബന്ധപ്പെട്ട് ആയിരക്കണക്കിന് പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. 20 മീറ്റര്‍ ആഴം, അടിയില്‍ പാറയാണ്, അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരം എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ സൗകര്യങ്ങളാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത. ദുബായിലോ സിംഗപ്പൂരിലോ കൊളംബോയിലോ ഒന്നും പോകാത്ത കപ്പലുകള്‍ ഇവിടെ വന്നിരിക്കുന്നു എന്നതും അഭിമാനകരമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
