'പേടിക്കാതെ..എല്ലാം ശരിയാക്കി തരാം..'; ആയുർവേദ വെൽനസ് കേന്ദ്രത്തിന് ലൈസൻസ് സെറ്റാക്കുന്നതിന് ചോദിച്ചത് പതിനായിരം രൂപ; കൈക്കൂലി കേസിൽ നഗരസഭ വാച്ച്മാനെ പൊക്കി
മലപ്പുറം: ആയുർവേദ വെൽനസ് കേന്ദ്രത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ നഗരസഭയിലെ താൽക്കാലിക വാച്ച്മാനെ മലപ്പുറം വിജിലൻസ് സംഘം പിടികൂടി. തിരൂർ കന്മനം സ്വദേശിയായ ഷിഹാബുദ്ദീനാണ് പിടിയിലായത്.
മൂന്ന് മാസം മുമ്പാണ് കന്മനം സ്വദേശി ആയുർവേദ കേന്ദ്രത്തിനായുള്ള അപേക്ഷ നഗരസഭയിൽ നൽകിയത്. പേപ്പർ വർക്കുകൾക്കായി പരാതിക്കാരനിൽ നിന്ന് ഷിഹാബുദ്ദീൻ നേരത്തെ 2,000 രൂപ വാങ്ങിയിരുന്നു. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർക്കൊപ്പം കേന്ദ്രം സന്ദർശിച്ച ശേഷം വീണ്ടും 3,000 രൂപ കൂടി കൈക്കലാക്കി.
പണം നൽകിയതിനെ തുടർന്ന് ഉടമയ്ക്ക് ലൈസൻസ് ലഭിച്ചു. വീണ്ടും പണം: ലൈസൻസ് കിട്ടാൻ സഹായിച്ചതിന് 10,000 രൂപ കൂടി വേണമെന്ന് ഷിഹാബുദ്ദീൻ നിർബന്ധം പിടിച്ചതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
വിജിലൻസിന്റെ നിർദ്ദേശപ്രകാരം തിരൂർ പയ്യനങ്ങാടി ജങ്ഷന് സമീപം വെച്ച് 10,000 രൂപ കൈമാറുന്നതിനിടെയാണ് ഷിഹാബുദ്ദീൻ വലയിലായത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡി.വൈ.എസ്.പി എം. ഗംഗാധരൻ, സി.ഐമാരായ റിയാസ് ചാക്കിരി, റഫീഖ്, സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.