കടലില്‍ നിന്നും ആകാശത്തേക്ക് പുക പോലെ നീണ്ട കുഴല്‍; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്: ഭയം അത്ഭുദത്തിന് വഴി മാറിയപ്പോള്‍

കടലില്‍ നിന്നും ആകാശത്തേക്ക് നീണ്ട കുഴല്‍; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്: ഭയം അത്ഭുദത്തിന് വഴി മാറിയപ്പോള്‍

Update: 2024-10-24 03:53 GMT

വിഴിഞ്ഞം: വിഴിഞ്ഞം കടലില്‍ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. വിഴിഞ്ഞം തീരത്തോട് ചേര്‍ന്ന് ഇന്നലെയാണ് ഈ അപൂര്‍വ ജലസ്തംഭം, അഥവാ വാട്ടര്‍സ്പൗട്ട് (Waterspout), രൂപപ്പെട്ടത്. കടലില്‍ രൂപ്പപ്പെട്ട കുഴല്‍ രൂപത്തിലുളള പ്രതിഭാസം കണ്ട് ചുഴലിക്കൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച് മത്സ്യത്തൊഴിലാളികള്‍ ഭയന്നു. മീന്‍പിടിത്തത്തിന് പുറപ്പെട്ടവരും കരയിലേക്ക് വന്നവരും ആശങ്കയിലായി. പിന്നാലെ തുടര്‍ച്ചയായ കടല്‍ക്കാറ്റുമായതോടെ വിഴിഞ്ഞം മേഖലയിലെ നിവാസികളും ശരിക്കും അമ്പരന്നു.

ഇന്നലെ വൈകിട്ട് 4.50-ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നാട്ടുകാര്‍ ആനക്കാല്‍ എന്നുവിളിക്കുന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം രൂപപ്പെട്ടത്. ജലോപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍പോലെയും തൊട്ടുമുകളില്‍ കുമിളിന്റെ മുകള്‍ഭാഗംപോലുളള മേഘവും കൂടിച്ചേര്‍ന്നുളള രൂപത്തിലാണ് വാട്ടര്‍ സ്പൗട്ട് പ്രത്യക്ഷമായത്. 25 മിനിട്ടോളം നിലനിന്നശേഷം വെളളത്തിന് മുകളില്‍ ആവിപോലെ സഞ്ചരിച്ചതായും പിന്നീട് കാണാതായെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് ഒരുമണിക്കൂറോളം ശക്തമായ മഴയുമുണ്ടായി.

എന്താണ് വാട്ടര്‍ സ്പൗട്ട്

കാറ്റിന്റെ ദിശയിലുണ്ടാകുന്ന വ്യതിയാനത്തെ തുടര്‍ന്നുണ്ടാക്കുന്ന പ്രതിഭാസമാണിത്. കടലിന്റെ ഉപരിതലത്തിലുളള ജലകണികളും നീരാവിയും കൂടിച്ചേര്‍ന്ന് ഖനീഭവിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ആനക്കാല്‍ എന്നുവിളിക്കുന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം ഉണ്ടാകുന്നത്. ആഴക്കടലില്‍ ഇത് ഉണ്ടാവാറില്ല, തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍ അഞ്ചുതെങ്ങ്, വേളി, കോവളം അടക്കമുളള മേഖലകളില്‍ നേരത്തെ ഇതുണ്ടായിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇടയ്ക്കിടെ ഈ പ്രതിഭാസം ഉണ്ടാവാറുണ്ടെന്നും തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാല്‍ പറഞ്ഞു.

അതേസമയം കടലില്‍ രൂപപ്പെടുന്ന ഈ പ്രതിഭാസം വലിയ അപകടമുണ്ടാക്കില്ല. ചിലഘട്ടങ്ങളില്‍ മാത്രം ചെറുവളളങ്ങളില്‍ പോകുന്നവര്‍ക്ക് അപകടമുണ്ടാക്കിയേക്കാം. നിര്‍വചനങ്ങള്‍ക്ക് അതീതമാണ് പലപ്പോഴും ഇത്തരം പ്രതിഭാസങ്ങള്‍. അതിനാല്‍ മീന്‍പിടിത്ത തൊഴിലാളികള്‍ ഇത്തരം പ്രതിഭാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മേഖലയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് അകന്നുപോകണം.

Tags:    

Similar News