കോളേജ് വരാന്തയിലൂടെ നടക്കുകയായിരുന്ന അധ്യാപകൻ; പെട്ടെന്ന് മുന്നിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നി; ഓടിവന്ന് ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
By : സ്വന്തം ലേഖകൻ
Update: 2025-12-09 09:32 GMT
കോഴിക്കോട്: ബാലുശ്ശേരി സംസ്‌കൃത കോളേജിനുള്ളിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം. കോളേജ് വരാന്തയിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപകൻ മനോജ് കുമാർ തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ലൈബ്രറിയിൽ നിന്ന് ഓഫീസിലേക്ക് പോവുകയായിരുന്ന അധ്യാപകനെ കണ്ടയുടൻ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാൽ പന്നി ചുമരിലിടിച്ച് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു. ഈ സമയത്ത് വിദ്യാർത്ഥികൾ പുറത്ത് ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.