വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; കടുവയുടെ ആക്രമണം ഉണ്ടായത് വനത്തോട് അടുത്തുള്ള തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോള്‍; ദാരുണാന്ത്യം സംഭവിച്ചത് വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യ രാധയ്ക്ക്
വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യയാണ് രാധ. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം.
പ്രദേശത്ത് നേരത്തെ കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ല. തോട്ടത്തില്‍ വെച്ച് ആക്രമിച്ച കടുവ രാധയെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘമാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രാധയുടെ മൃതദേഹം കടുവ അല്‍പദൂരം വലിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ഏകദേശം ഒന്നര വര്‍ഷം മുന്‍പ് പ്രദേശത്ത് ഒരു പശുവിനെ കടുവ ആക്രമിച്ചിരുന്നെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രതികരിച്ചു.
എന്നാല്‍ കുറച്ചുകാലങ്ങളായി പ്രദേശത്ത് കടുവ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നെങ്കിലും യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. പെട്ടന്നുണ്ടായ ആക്രമാണിതെന്നും സംഷാദ് വ്യക്തമാക്കി.
വെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് സാധാരണഗതിയില്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുക. എന്നാല്‍ ഇത്തവണ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തന്നെ മൃഗങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. 2023 ഡിസംബറില്‍ വയനാട് വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ മൃതദേഹം കടുവ ഭക്ഷിച്ച നിലയിലാണ അന്ന് കണ്ടെത്തിയത്.
പുല്ലരിയാന്‍ പോയ ഘട്ടത്തിലായിരുന്നു കടുവ ആക്രമിച്ചത്. തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ സ്ഥിരമായി കടുവാ ശല്യമുണ്ടായിരുന്ന പ്രദേശമായിരുന്നു ഇത്. അടുത്തിടെ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണം ഉണ്ടാിയരുന്നു. അമരക്കുനി സ്വദേശി കേശവന്റെ ആടിനെ കടുവ കൊന്നിരുന്നു. ഇതോടെ പ്രദേശത്ത് കടുവക്കായി കൂടു വെക്കുകയും കടുവയെ പിടുകൂടൂകയും ചെയ്തിരുന്നു.