ബസില്‍ കയറിയപ്പോള്‍ മുതല്‍ ശല്യം; സഹിക്കാന്‍ വയ്യാതായതോടെ ബഹളം വെച്ചു; മറ്റു യാത്രക്കാരും ബസിലെ ജീവനക്കാരും ഇടപ്പെട്ടതോടെ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക്; കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി കോഴിക്കോട് പിടിയില്‍

Update: 2025-01-07 04:50 GMT

കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. എറണാകുളത്ത് നിന്ന് കര്‍ണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്നഒ ബസിലാണ് സംഭവം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് നടക്കാവ് പോലീസാണ് ഇയാളെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസനിലേക്ക് പോവുകയായിരുന്നു ബസ്. എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. എറണാകുളത്ത് നിന്നാണ് യുവതി ബസില്‍ യാത്ര പുറപ്പെട്ടത്.

പെണ്‍കുട്ടിയുടെ സമീപത്തിരുന്ന പ്രതി, ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതിയെ ശല്യപ്പെടുത്തിയിരുന്നു. ബസ് കോഴിക്കോട്ട് എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളം വെച്ചതോടെ, മറ്റു യാത്രക്കാരും ബസിലെ ജീവനക്കാരും ഇടപെടുകയായിരുന്നു. ബസ് നേരേ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് പ്രതിയെ കൈമാറിയത്. സംഭവത്തില്‍ പ്രതിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News