അമ്മയുടെ മകളായി ജീവിക്കണം; മുഖ്യമന്ത്രിക്ക് ഉള്ളുലയ്ക്കുന്ന കത്തെഴുതി 32കാരി

അമ്മയുടെ മകളായി ജീവിക്കണം; മുഖ്യമന്ത്രിക്ക് ഉള്ളുലയ്ക്കുന്ന കത്തെഴുതി 32കാരി

Update: 2024-10-15 01:54 GMT

തൃശ്ശൂര്‍: അമ്മയുടെ മകളായി ജീവിക്കാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി 32കാരി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട അമ്മയോടൊപ്പം തൃശ്ശൂരിലെ ഒറ്റമുറി വാടകവീട്ടില്‍ കഴിയുന്ന യുവതിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അച്ഛന്‍ ആരെന്ന് അറിയാതെ അനാഥാലയത്തില്‍ ജീവിച്ച തനിക്ക് അമ്മയുടെ മകളായി ജീവിക്കാന്‍ സര്‍ക്കാരിന്റെ കനിവ് തേടുകയാണ് ഇവര്‍. കത്തിന്റെ തുടക്കം ഇങ്ങനെയാണ്-

''എന്റെ മാതാവ് അന്ധയായ സ്ത്രീയാണ്. അജ്ഞാത വ്യക്തിയുടെ മാനഭംഗത്തിനിരയായ അമ്മ അതിലൂടെ ഗര്‍ഭം ധരിച്ചുണ്ടായ മകളാണ് ഞാന്‍. എന്റെ പിതാവ് ആരാണെന്ന് വ്യക്തതയില്ലാത്തതാണ്. വളരെ ദരിദ്രമായ ചുറ്റുപാടിലാണ് ഞങ്ങള്‍ താമസിച്ചു വരുന്നത്. എന്നെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസം നല്‍കാനും അമ്മയ്ക്ക് സാഹചര്യം ഇല്ലാത്തതിനാല്‍ എനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ തൃശ്ശൂരിലെ ഒരു മതസ്ഥാപനത്തിന്റെ അനാഥാലയത്തിലാക്കി. പഠനാവശ്യത്തിനായി രേഖകളുണ്ടാക്കാന്‍ പിതാവിനെപ്പറ്റി ഒരു വിവരവും ഇല്ലാത്തതുകൊണ്ട് അനാഥാലയക്കാര്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് മറ്റൊരു മതത്തില്‍പ്പെട്ട വ്യക്തിയുടെ പേര് ചേര്‍ത്ത് എനിക്ക് വിദ്യാഭ്യാസം നല്‍കി.''

ഹിന്ദു കണക്കര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് മുഖ്യമന്ത്രിക്ക് ഈ കത്തെഴുതിയ യുവതിയുെട അമ്മ. യുവതിയാകട്ടെ രേഖകള്‍ പ്രകാരം മറ്റൊരു മതത്തിലും. പ്ലസ്ടു പഠനം കഴിഞ്ഞ് 18-ാമത്തെ വയസ്സിലാണ് മകള്‍ അമ്മയോടൊപ്പം തിരികെ എത്തിയത്. അന്നുമുതല്‍ ഈ യുവതി സ്വന്തം മതത്തിലും ജാതിയിലും അറിയപ്പെടാനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല.

വില്ലേജ് ഓഫീസറുടേയും തഹസില്‍ദാരുടെയുമെല്ലാം നിര്‍ദേശ പ്രകാരം ആര്യസമാജത്തിലെത്തി ഹിന്ദുമതത്തിലേക്ക് മാറി. യുവതിയുടെ അമ്മ കണക്കര്‍ സമുദായാംഗമാണെന്ന് സമുദായ നേതാക്കളും സര്‍ട്ടിഫിക്കറ്റ് നല്‍കി. എങ്കിലും യുവതി മറ്റൊരു മതത്തില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. തൃശ്ശൂരിലെ അനാഥാലയത്തിലാണ് യുവതിയുടെ അമ്മ കുഞ്ഞിന് ജന്മം നല്‍കിയത്. മകള്‍ക്ക് രണ്ടുവയസ്സാകും വരെ ഇവിടെ തങ്ങി. പിന്നീട് തൃശ്ശൂരിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞു തിരിയവേയാണ് ഒരു മതമേലധികാരിയുടെ ശ്രദ്ധയില്‍പ്പെട്ട് മകള്‍ അനാഥാലയത്തിലും അമ്മ വീട്ടുജോലിയിലേക്കും എത്തിയത്.

തമിഴ്‌നാട്ടില്‍നിന്നുള്ള സ്‌പോണ്‍സറുടെ സഹായത്തോടെ കര്‍ണാടകയില്‍നിന്ന് ബി.എസ്സി. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായി. എം.എസ്സി.ക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാതെ നാട്ടിലെത്തി അമ്മയ്ക്ക് തുണയായി.

അച്ഛനാരെന്നറിയാതെ വളര്‍ന്ന് സ്വന്തം മതത്തിലേക്ക് മാറാനായി ഓഫീസുകള്‍ കയറിയിറങ്ങിയപ്പോഴുണ്ടായ പരിഹാസങ്ങളും അവഹേളനങ്ങളും എത്രമാത്രമാണെന്നും മുഖ്യമന്ത്രിക്കയച്ച കത്തിലുണ്ട്. അമ്മയുടെ മകളാണെന്ന് തെളിയിക്കാനാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.

Tags:    

Similar News