ഓലമടൽ വെട്ടിയിടുന്നതിനിടെ തെങ്ങ് ചതിച്ചു; മുകളിൽ കുടുങ്ങി കിടന്നത് അരമണിക്കൂര്‍; ഒടുവിൽ തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

Update: 2025-11-05 13:09 GMT

കാസർകോട്: തെങ്ങ് കയറ്റ യന്ത്രം തകരാറിലായതിനെത്തുടർന്ന് 60 അടി ഉയരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി താഴെയിറക്കി. കാസർകോട് മാങ്ങാട്, കൂളിക്കുന്ന് എന്ന സ്ഥലത്താണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. കൂളിക്കുന്നിലെ ഫൗസിയ ഉസ്മാൻ്റെ വീട്ടുപറമ്പിലെ തെങ്ങുകളിൽ തേങ്ങയിടാൻ എത്തിയതായിരുന്നു 25 വർഷത്തെ പരിചയസമ്പന്നനായ തൊഴിലാളി രാജു എജെ (60). മറ്റ് തെങ്ങുകളിലെ തേങ്ങകളെല്ലാം പറിച്ചെടുത്ത് അവസാനത്തെ തെങ്ങിൽ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യന്ത്രം ഉപയോഗിച്ച് ഓലമടൽ വെട്ടിയിടുന്നതിനിടെ, അവ യന്ത്രത്തിൽ തട്ടി യന്ത്രം ലോക്കായി പ്രവർത്തനരഹിതമാവുകയായിരുന്നു. ഇതോടെ രാജുവിന് താഴെയിറങ്ങാൻ സാധിക്കാതെ തെങ്ങിൻ്റെ മുകളിൽ കുടുങ്ങി.

നാട്ടുകാർക്ക് സുരക്ഷിതമായി താഴെയിറക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വീട്ടുകാർ കാസർകോട് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് സ്റ്റേഷൻ ഓഫീസർ കെ ഹർഷയുടെയും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെയും നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. സേനയുടെ ലാഡർ ഉപയോഗിച്ച് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാൽ തെങ്ങിൽ കയറി രാജുവിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. 

Tags:    

Similar News