പാലത്തിന് സമീപം മീന്‍ പിടിക്കാൻ വന്നിരുന്നു; പെട്ടെന്ന് ചെറിയൊരു കൈയ്യബദ്ധം; കണ്‍പോളയില്‍ ചൂണ്ട തുളച്ചുകയറി; വേദന കൊണ്ട് പുളഞ്ഞ് യുവാവ്; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന
By : സ്വന്തം ലേഖകൻ
Update: 2025-09-26 07:08 GMT
കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ ചൂണ്ടക്കൊളുത്ത് യുവാവിന്റെ കൺപോളയിൽ തുളച്ചുകയറി. ഉള്ള്യേരി ഉള്ളൂർക്കടവ് സ്വദേശി അർജുനാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
ഉള്ളൂർക്കടവ് പാലത്തിന് സമീപത്ത് വെച്ച് മീൻപിടിച്ചുകൊണ്ടിരിക്കവേ അബദ്ധത്തിൽ ചൂണ്ട അർജുന്റെ കൺപോളയിൽ കൊള്ളുകയായിരുന്നു. തുടർന്ന്, കൊയിലാണ്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് ചൂണ്ടക്കൊളുത്ത് നീക്കം ചെയ്ത് യുവാവിന് മോചനം നൽകി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. റെസ്‌ക്യൂ ഓഫീസർമാരായ സജിൻ, രതീഷ് കെ.എൻ., സുകേഷ്, ഷാജു എന്നിവരും ഹോം ഗാർഡ് പ്രതീഷും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.