കിടപ്പിലായ വയോധികയോട് ലൈംഗികാതിക്രമം; ക്രൂരമായി മര്‍ദിച്ച ശേഷം കണ്ണില്‍ മുളക് പൊടി വിതറി കടന്നു കളഞ്ഞു: പ്രതി അറസ്റ്റില്‍
കിടപ്പിലായ വയോധികയോട് ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
പത്തനാപുരം: ബൈക്ക് ഇടിച്ച് കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ആരോരും തുണയില്ലാതെ വീട്ടില്‍ കിടപ്പിലായ വയോധികയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. ഏനാദിമംഗലം ഇളമണ്ണൂര്‍ ഈട്ടിവിളവീട്ടില്‍ തുളസീധരന്‍ (52) ആണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. ഭര്‍ത്താവ് മരിച്ച വയോധികയ്ക്ക് മക്കളോ അടുത്ത ബന്ധുക്കളോ ഇല്ല. വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
രണ്ടുമാസം മുന്‍പാണ് അറുപതുകാരിയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൈകാലുകള്‍ക്കും വാരിയെല്ലിനും നട്ടെല്ലിനും ഒടിവുകളുണ്ടായിരുന്നു. ആശുപത്രിയില്‍നിന്നു വന്നശേഷം വീട്ടില്‍ കിടപ്പിലായിരുന്ന ഇവര്‍ നാട്ടുകാരുടെ കനിവിലാണ് കഴിഞ്ഞിരുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വയോധികയുടെ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ എത്താറുള്ള തുളസീധരന് ഇവരെ പരിചയമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് കയറിയ പ്രതി വയോധികയെ ആക്രമിച്ചു. ക്രൂരമര്‍ദനത്തിനുശേഷം ഇവരോട് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. അതിക്രമത്തിനുശേഷം കണ്ണില്‍ മുളകുപൊടി വിതറി കടന്നുകളഞ്ഞു. വയോധികയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കഴിഞ്ഞദിവസം പ്രതിയെ പിടികൂടുകയായിരുന്നു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.