വീടിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ബലപ്രയോഗത്തിലൂടെ കഴുത്തു ഞെരിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: കസ്റ്റഡിയിലുള്ള അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യുന്നു
വീടിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
മൂന്നാര്‍: വീടിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലപ്രയോഗത്തിലൂടെ കഴുത്തു ഞെരിച്ചാണു കൊല നടത്തിയതെന്നാണു പ്രാഥമിക വിവരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു മരണം കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റഡിയിലുള്ള അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച രാവിലെയാണു മൂന്നാര്‍ ന്യൂനഗറില്‍ സൂര്യയെ (24) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവ് തൂങ്ങിമരിച്ചെന്നാണു ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞത്. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. മൂന്നാര്‍ എസ്എച്ച്ഒ രാജന്‍.കെ.അരമനയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അവിവാഹിതനായ സൂര്യ സഹോദരനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. പിതാവ്: പരേതനായ വേളാങ്കണ്ണി. അമ്മ: മാര്‍ഗരറ്റ്. സഹോദരങ്ങള്‍: വിഘ്‌നേഷ്, റിയ, കല, നിഷ.