ബാറിൽ വച്ച് തുടങ്ങിയ തർക്കം; മദ്യപിച്ച ശേഷം മാർക്കറ്റിലെത്തി യുവാവിനെ കുത്തിക്കൊന്നു; ഇരുവരും കൂട്ടുകാർ എന്ന് നിഗമനം; കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്; പ്രതി ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ വെച്ച് യുവാവിനെ കുത്തികൊലപ്പെടുത്തി.അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം സുഹൃത്ത് നിസാർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ബാറിൽ വച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. രണ്ട് പേരും സുഹൃത്തുകളാണെന്ന് പോലീസ് വ്യക്തമാക്കി.
ഇന്ന് രാത്രിയോടെ ആണ് സംഭവം നടന്നത്. രണ്ടുപേരും നെടുമങ്ങാട് മാർക്കറ്റിലെ തൊഴിലാളികളാണ്. ഇരുവരും ബാറിൽ കയറി മദ്യപിച്ചതിന് ശേഷം മാർക്കറ്റിൽ എത്തി വഴക്ക് കൂടുകയായിരുന്നു.
തുടർന്ന് ഹാഷിറിനെ സുഹൃത്ത് കത്തികൊണ്ട് നെഞ്ചിൽ കുത്തിയതിന് ശേഷം ഓടിരക്ഷപ്പെടുകയും ചെയ്തു. നെഞ്ചിലും തുടയിലും കഴുത്തിലുമാണ് ഹാഷിറിന് കുത്തേറ്റത്.ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.