ഓട്ടോയിൽ കറങ്ങിനടന്ന് വിൽപ്പന; മാസങ്ങളായി നിരീക്ഷിച്ചു; പിന്നാലെ വിദേശ മദ്യക്കുപ്പികളുമായി യുവാവ് അറസ്റ്റിൽ; സംഭവം കൽപ്പറ്റയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-13 09:27 GMT
കല്‍പ്പറ്റ: ഓട്ടോറിക്ഷയില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് കൈയ്യോടെ പൊക്കി. മേപ്പാടി മാനിവയല്‍ ചെമ്പോത്തറ സ്വദേശി നൗഫല്‍ (40) ആണ് പിടിയിലായത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിശോധനക്കിടെ മാനിവയലില്‍ വെച്ചാണ് യുവാവ് അറസ്റ്റിലായത്.
കെഎല്‍ 12 ജെ 7724 എന്ന ഓട്ടോറിക്ഷയും 10 ലിറ്റര്‍ വിദേശ മദ്യവും 7250 രൂപയും പിടിച്ചെടുത്തു. പണം യുവാവിന് മദ്യം വിറ്റ വകയില്‍ ലഭിച്ചതാണെന്ന് എക്‌സൈസ് വ്യക്തമാക്കി.
മാനിവയല്‍, കോട്ടവയല്‍ ഭാഗങ്ങളില്‍ വാഹനത്തിലെത്തി സ്ഥിരമായി മദ്യവില്‍പ്പന നടത്തിയിരുന്ന യുവാവിനെ മാസങ്ങളായി എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണിതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു.