രാത്രി ആശുപത്രി പാര്‍ക്കിങ്ങ് ഏരിയയില്‍ നിൽപ്പ്; പിന്നാലെ കാറില്‍ എത്തിയവരുടെ കൊടുംക്രൂരത; പെരിന്തൽമണ്ണയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

Update: 2025-10-03 15:32 GMT

പെരിന്തൽമണ്ണ: തൊഴിൽ തർക്കത്തെ തുടർന്ന് യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. താഴെക്കോട് പൂതാർത്തൊടി സ്വദേശി ഇബ്രാഹിമിനാണ് (33) മർദനമേറ്റത്. സംഭവത്തിൽ മൂന്നു പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു.

സെപ്റ്റംബർ 24ന് രാത്രി ഒമ്പതോടെ പെരിന്തൽമണ്ണയിലെ ആശുപത്രി പാർക്കിങ് ഏരിയയിൽ നിന്ന് വിളിച്ചിറക്കി കാറിൽ തട്ടിക്കൊണ്ടുപോയ ഇബ്രാഹിമിനെ, വാഹനത്തിനകത്തും പിന്നീട് ചെത്തല്ലൂരിലെ ചിൽഡ്രൻസ് പാർക്കിലും സമീപത്തെ മലയിലും വെച്ചും മാരകമായി മർദിച്ചതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന്, യുവാവ് ജോലി ചെയ്യുന്ന ചിൽഡ്രൻസ് പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു.

തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ചർച്ച നടത്താനാണെന്ന് പറഞ്ഞാണ് പ്രതികൾ യുവാവിനെ കാറിൽ കയറ്റിയത്. പ്രതികളിലൊരാൾക്ക് ജോലി നഷ്ടപ്പെട്ടതിലെ വിരോധമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് സൂചനയുണ്ട്. പൊലീസിൽ പരാതിപ്പെട്ടാലോ മറ്റൊരാളോട് വിവരം വെളിപ്പെടുത്തിയാലോ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മർദനമേറ്റ പാടുകൾ ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന് നിർബന്ധിച്ചാണ് യുവാവിനെ ഉപേക്ഷിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം, ഭയം കാരണം ഒരു ദിവസം കഴിഞ്ഞ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 

Tags:    

Similar News