അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തയാളെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തയാളെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍
വിതുര: കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തയാളെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. വിളപ്പില്‍ശാല സ്വദേശി മനു(42)വാണ് അറസ്റ്റിലായത്. വിതുര തേവിയോട് സ്വദേശി രമണന്‍ എന്നയാളെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വിതുര ബസ് ഡിപ്പോയ്ക്കു സമീപത്തെ കടയുടെ മുന്നിലാണ് സംഭവം. ബോണക്കാട് ബസ് നിര്‍ത്താത്തതില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്ററുമായി തര്‍ക്കിച്ചു. തര്‍ക്കം മുറുകുന്നതിനിടെ രമണന്‍ ഇടപെട്ടു. ഇതില്‍ പ്രകോപിതനായ മനു ബേക്കറിക്ക് സമീപം നില്‍ക്കുമ്പോള്‍ രമണനെ ഓട്ടോ ഇടിപ്പിച്ച് വീഴ്ത്തുക ആയിരുന്നു.
ഞായറാഴ്ച വൈകീട്ട് ഏഴേകാലോടെയായിരുന്നു സംഭവം. വിളപ്പില്‍ശാലയില്‍നിന്നു വന്ന രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന ഓട്ടോറിക്ഷ ബോണക്കാട്ടേക്കു പോകാന്‍ ശ്രമിച്ചെങ്കിലും കാണിത്തടം ചെക്‌പോസ്റ്റില്‍ തടഞ്ഞു. അതുവഴി വന്ന ബസിനു കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്നാണ് ഇവര്‍ വിതുര ഡിപ്പോയിലെത്തിയത്. സ്റ്റേഷന്‍മാസ്റ്ററുമായി തര്‍ക്കമായി.
ബസില്‍ വരുന്ന മകളെ വിളിക്കാനായി സ്റ്റേഷനില്‍ എത്തിയ രമണന്‍ ഇതില്‍ ഇടപെടുകയായിരുന്നു. ഇതിനുശേഷം സമീപത്തെ ബേക്കറിക്കു മുന്നില്‍ നില്‍ക്കവേയാണ് പാഞ്ഞെത്തിയ ഓട്ടോറിക്ഷ ഇയാളെ ഇടിച്ചത്. രമണന്റെ ഇടതുകൈക്കു പൊട്ടലുണ്ട്.