വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് പല തവണ വീട്ടുകാരുമായി ബന്ധപ്പെട്ടു; തുക അടയ്‌ക്കേണ്ട അവസാന തീയതിയും കഴിഞ്ഞതോടെ വൈദ്യുതി വിച്ഛേദിക്കാനെത്തി; ജീവനക്കാരനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവല്ല: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരനെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. ആലപ്പുഴ മുഹമ്മ രജതം വീട്ടിൽ ആർ. രഞ്ജിത്ത് എന്ന കെ.എസ്.ഇ.ബി. ലൈൻമാനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ കല്ലിശ്ശേരി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ തിരുവല്ല പോലീസിൽ പരാതി നൽകി.
കല്ലിശ്ശേരി സെക്ഷൻ പരിധിയിലെ കുറ്റൂർ എട്ടാം വാർഡിൽ മുള്ളിപ്പാറ തെക്കേതിൽ വീട്ടിൽ എം.കെ. സുകുമാരന്റെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സംഭവം നടന്നത്. സുകുമാരന്റെ മകൻ ശ്രീക്കുട്ടനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ മാസം 17-നായിരുന്നു വൈദ്യുതി ബിൽ അടയ്‌ക്കേണ്ട അവസാന തീയതി. ബിൽ തുക അടയ്ക്കാതിരുന്നതിനെ തുടർന്ന് രഞ്ജിത്ത് പലതവണ വീട്ടുടമയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണി കഴിഞ്ഞിട്ടും പണം അടക്കാതിരുന്നതോടെ, വീണ്ടും വിളിച്ചപ്പോൾ തുക അടക്കാൻ കഴിയില്ലെന്നും കണക്ഷൻ വിച്ഛേദിക്കാമെന്നും വീട്ടുകാർ അറിയിച്ചതായി രഞ്ജിത്ത് പറയുന്നു.
ഇതിനെ തുടർന്നാണ് രഞ്ജിത്തും സഹപ്രവർത്തകനായ ജയലാലും ചേർന്ന് വീട്ടിലെത്തിയത്. മീറ്റർ പരിശോധിച്ചുകൊണ്ടിരിക്കെ, വീട്ടുകാർ മനഃപൂർവം വളർത്തുനായയെ തുറന്നുവിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നായ ഓടിവരുന്നത് കണ്ട് രഞ്ജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ ചാടിവീണ് ഇടത് കാൽമുട്ടിന് താഴെ കടിച്ചു. കടിയേറ്റതിനെ തുടർന്ന് നിലത്തുവീണ രഞ്ജിത്തിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും, നായയെ അഴിച്ചുവിട്ട് ജീവനക്കാരനെ കടിപ്പിച്ചതിനും വീട്ടുടമക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.