കൊല്‍ക്കത്തയിലെ അഭയയ്ക്ക് നീതി കിട്ടും വരെ വിശ്രമമില്ല; ക്രൂരമായ ബലാല്‍സംഗത്തില്‍ കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ക്ക് വേണ്ടി പോരാട്ടം തുടരും; പോരാട്ടം ഡല്‍ഹിയിലേക്ക് നയിക്കുമെന്നും മലയാളത്തില്‍ ശ്രദ്ധ നേടുന്ന ബംഗാളി നടി മോക്ഷ

കൊല്‍ക്കത്തയിലെ അഭയയ്ക്ക് നീതി കിട്ടും വരെ വിശ്രമമില്ല

Update: 2024-10-10 16:37 GMT

പത്തനംതിട്ട: കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അഭയയ്ക്ക് നീതി കിട്ടും വരെ തനിക്ക് വിശ്രമമില്ലെന്ന് കള്ളനും ഭഗവതിയും, ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ബംഗാളി നടി മോക്ഷ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടത്തുന്നത് വ്യവസ്ഥിതിക്കെതിരായ പോരാട്ടമാണ്. യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകും വരെ പ്രക്ഷോഭം തുടരും. തങ്ങള്‍ക്ക് രാഷ്ട്രീയ ചായ്വോ പക്ഷപാതിത്വമോ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല ഈ സമരം. അങ്ങനെ ചിലര്‍ പറയുന്നുണ്ടെങ്കിലും അത് വാസ്തവമല്ല.

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണ് മോക്ഷ. അഭയയ്ക്ക് നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് മോക്ഷ പത്തനംതിട്ട പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിബിഐയുടെ കുറ്റപത്രത്തില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. യഥാര്‍ഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്. ഈ സംഭവത്തിന് ഉത്തരവാദികളായ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അതാത് സ്ഥാനങ്ങളില്‍ തുടരുന്നു. ഞങ്ങളുടെ പോരാട്ടം വ്യവസ്ഥിതികള്‍ക്കെതിരേയാണ്.

രാഷ്ട്രീയ കക്ഷികള്‍ ഞങ്ങളുടെ പോരാട്ടം അവരുടെ പ്രക്ഷോഭമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടേത് രാഷ്ട്രീയ പ്രക്ഷോഭമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. നീതിയ്ക്കായി ഡല്‍ഹിയിലേക്ക് സമരം നയിക്കാനൊരുങ്ങുകയാണ്. അതിനുള്ള ഫണ്ട് സമാഹരിച്ചു കൊണ്ടിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സഹകരണം ലഭിക്കുന്നുണ്ട്്. താനിവിടെ ചിത്തിനി സിനിമയുടെ പ്രമോഷനുമായി സഞ്ചരിക്കുകയാണ്. എന്റെ കുടുംബം അവിടെ പട്ടിണി സമരം നയിക്കുന്ന ഡോക്ടര്‍മാര്‍ക്കൊപ്പം പ്രക്ഷോഭത്തിലാണ്. ഇത് നീതി നിഷേധിക്കപ്പെട്ട ഡോക്ടര്‍മാരും സാധാരണക്കാരും വ്യവസ്ഥിതിക്കെതിരേ നടത്തുന്ന പോരാട്ടമാണ്. ഏഴു ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇപ്പോഴും പട്ടിണി സമരത്തിലാണ്. അഭയയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് രണ്ടു മാസം കഴിയുന്നു. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ദുര്‍ഗാപൂജയുടെ മൂന്നാം ദിവസം 10 വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നു. എല്ലാവരും ദുര്‍ഗാ പൂജയുടെ ആഘോഷങ്ങള്‍ നടത്തുമ്പോഴും അഭയ ഒരു വിങ്ങലാണ്. പട്ടിണി സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്കൊപ്പമാണ് ഏവരുടെയും മനസ് എന്നും മോക്ഷ പറഞ്ഞു.

Tags:    

Similar News