ഭൂമി പാട്ടത്തിനെടുത്ത് 80 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് ദമ്പതികള്‍ ഹോട്ടല്‍ ആരംഭിച്ചു; ചതിയില്‍ പെട്ടപ്പോള്‍ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനവുമില്ല; തൃപ്പൂണിത്തുറയില്‍ ഹോട്ടല്‍ ഉടമകളുടെ റോഡ് ഉപരോധം; റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: വാടകയ്ക്കെടുത്ത ഭൂമിയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഹോട്ടല്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഉടമയും ഭാര്യയും റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ പോസ്റ്റ് ഓഫീസ് ജംക്ഷന് സമീപമുള്ള 'അരമന' ഹോട്ടല്‍ ഉടമ വരാപ്പുഴ സ്വദേശി അഭിലാഷും ഭാര്യ ടിന്റുവുമാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ അനുമതിയില്ലാതെ ഹോട്ടല്‍ പൂട്ടാന്‍ ഒത്താശ ചെയ്ത തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി റവന്യൂ ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു.
ഭൂമി പാട്ടത്തിനെടുത്ത് 80 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് ദമ്പതികള്‍ ഹോട്ടല്‍ ആരംഭിച്ചത്. 11 മാസത്തെ കരാറിലായിരുന്നു നിര്‍മാണം. കാലാവധി നീട്ടിനല്‍കുമെന്ന് ഭൂവുടമ ആദ്യം ഉറപ്പുനല്‍കിയിരുന്നെങ്കിലും, കാലാവധി കഴിഞ്ഞതോടെ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ സമയം വേണമെന്നും ജൂണ്‍ മാസത്തോടെ ഒഴിയാമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ വഴങ്ങിയില്ല. രണ്ടു മാസത്തെ കെട്ടിട നികുതിയായ 41,000 രൂപ കുടിശികയുണ്ടെന്ന് കാട്ടി റവന്യൂ അധികൃതര്‍ പെട്ടെന്ന് നോട്ടീസ് നല്‍കുകയായിരുന്നു.
പണം അടയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും റവന്യൂ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഹോട്ടല്‍ നിര്‍ബന്ധപൂര്‍വ്വം പൂട്ടിച്ചു. അടുത്ത ദിവസം ഹോട്ടലിലെത്തിയ ദമ്പതികള്‍ കണ്ടത് ഹോട്ടലിലേക്കുള്ള വഴിയില്‍ മണ്ണ് അടിച്ചിരിക്കുന്നതും കെട്ടിടത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ക്കപ്പെട്ട നിലയിലുമാണ്. ഇതോടെയാണ് ദമ്പതികള്‍ റോഡില്‍ കിടന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
പ്രതിഷേധത്തെത്തുടര്‍ന്ന് കൗണ്‍സിലര്‍ രാജലക്ഷ്മിയും പോലീസും സ്ഥലത്തെത്തി. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബി.എല്‍. ബാബു സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നഗരസഭാ സെക്രട്ടറിയുടെ അറിവില്ലാതെയാണ് റവന്യൂ ഇന്‍സ്‌പെക്ടര്‍ നടപടി സ്വീകരിച്ചതെന്ന് വ്യക്തമായതോടെയാണ് ശിവപ്രസാദിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്.
നിലവില്‍ ഹോട്ടല്‍ പൂട്ടാനുള്ള ഉത്തരവ് നഗരസഭ മരവിപ്പിച്ചിട്ടുണ്ട്. എങ്കിലും, കെട്ടിടത്തിന് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിച്ച് എന്ന് ഹോട്ടല്‍ തുറക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് കടക്കെണിയിലായ ഈ ദമ്പതികള്‍.
