വനനിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി; മുഖ്യമന്ത്രിയുമായി ആശങ്ക പങ്ക് വെച്ചെന്നും, ഗൗരവമായി പരിശോധിക്കാമെന്ന് അദേഹം അറിയിച്ചുവെന്നും ജോസ് കെ മാണി
വനനിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി
തിരുവനന്തപുരം: വനനിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ജോസ് കെ മാണി എം.പി. നിലവിലെ ഭേദഗതി ജന വിരുദ്ധവും കര്‍ഷക വിരുദ്ധവുമാണ്. ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്ക് വെച്ചെന്നും, ഗൗരവമായി പരിശോധിക്കാമെന്ന് അദേഹം ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ജോസ് കെ. മാണി പറഞ്ഞു.
ഭേദഗതിയിലെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്ന പുതിയ വ്യവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇത് അധികാര ദുരുപയോഗത്തിന് വഴി വെക്കും. റിസര്‍വ്വ് ഫോറസ്റ്റ് അല്ലാത്ത മേഖലയില്‍ കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്നം ഉണ്ടാക്കും മാങ്കുളം പോലെ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഉണ്ട്. ഇവിടെ നിയമം നടപ്പാക്കുന്നത് ജനവിരുദ്ധമാണ്.
സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തില്‍ മാറ്റം ഉണ്ടാക്കാനുള്ള ഇടപെടല്‍ ഉണ്ടാകും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാരണമായത് കേരള കോണ്‍ഗ്രസിന്റെ നിലപാടാണ്. വന്യമൃഗത്തെ വനത്തിനുള്ളില്‍ നിര്‍ത്തുക എന്നതതാണ് വനം വകുപ്പിന്റെ ചുമതല. കര്‍ഷകന്റെ ഭൂമിയിലേക്ക് മൃഗങ്ങള്‍ ഇറങ്ങി വന്നാല്‍ എന്ത് ചെയ്യും. കര്‍ഷകരുടെ ഭൂമിക്ക് സംരക്ഷണം നല്‍കേണ്ടതുണ്ട് എന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.