സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയിലെ പ്രതിഷേധം; നാവാമുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനും ഒരു വര്‍ഷത്തേക്ക് വിലക്ക്; അച്ചടക്ക നടപടി മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം

നാവാമുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനും ഒരു വര്‍ഷത്തേക്ക് വിലക്ക്

Update: 2025-01-02 12:43 GMT

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്കെതിരെ അച്ചടക്ക നടപടി. തിരുന്നാവായ നാവാമുകുന്ദ സ്‌കൂളിനെയും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനെയുമാണ് ഒരു വര്‍ഷത്തേക്ക് വിലക്കിയത്.

സ്‌കൂള്‍ കലാ-കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാലങ്ങളില്‍ വിലക്കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ കായിക മേളയുടെ സമാപന ചടങ്ങില്‍ അധ്യാപകരും കുട്ടികളുമായി നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് രണ്ടു സ്‌കൂളുകളെ 2025-26 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മത്സരങ്ങളില്‍നിന്നു വിലക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു ഇരു സ്‌കൂളുകളും പ്രതിഷേധിച്ചത്. കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും ജനറല്‍ സ്‌കൂള്‍ എന്നും വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് ഇരു സ്‌കൂളുകളും നിലപാടെടുത്തിരുന്നു. രണ്ട് സ്‌കൂളുകളും ചേര്‍ന്നു സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍നിന്ന് ഇരു സ്‌കൂളുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

മേളയുടെ സമാപനദിവസം നവാമുകുന്ദ സ്‌കൂളിലെയും മാര്‍ ബേസില്‍ സ്‌കൂളിലെയും താരങ്ങള്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തായിരുന്ന മാര്‍ ബേസിലിനെ നാലാമതാക്കിയും രണ്ടാം സ്ഥാനത്തുനിന്ന നവാമുകുന്ദ സ്‌കൂളിനെ മൂന്നാം സ്ഥാനത്താക്കിയും ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിലാണു പ്രതിഷേധം. 2018ല്‍ സ്‌കൂള്‍ സപോര്‍ട്‌സ് മാന്വല്‍ പരിഷ്‌കരിച്ചിരുന്നെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നാണ് ഈ സ്‌കൂളുകളുടെ നിലപാട്.

മുന്നറിയിപ്പൊന്നുമില്ലാതെയാണ്, ഇത്തവണ ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് ഡിവിഷനുകളെയും ചാംപ്യന്‍ പട്ടത്തിനു പരിഗണിച്ചത്. മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ തിരുവനന്തപുരം ജി.വി.രാജ സ്‌കൂളിനെ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റിലെ പട്ടികയ്ക്കു വിരുദ്ധമായിരുന്നു ഇത്. തങ്ങള്‍ക്ക് അര്‍ഹമായ രണ്ടാം സ്ഥാനം നിഷേധിച്ചെന്ന് ആരോപിച്ച് സമ്മേളന വേദിക്കരികില്‍ പ്രതിഷേധിച്ച തിരുനാവായ നവാമുകുന്ദ എച്ച്എസ്എസിലെ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പൊലീസ് ബലം പ്രയോഗിച്ചു മാറ്റിയതോടെ ഉന്തും തള്ളുമായി. നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ താരങ്ങളും പ്രതിഷേധിച്ചു.

Tags:    

Similar News