മകരവിളക്ക്: സംസ്ഥാന പോലീസ് മേധാവി സന്നിധാനത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി; സുഗമമായി നടത്തിപ്പിനായി 5000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഷേഖ് ദര്‍വേശ് സാഹിബ്
സംസ്ഥാന പോലീസ് മേധാവി സന്നിധാനത്ത് ഒരുക്കങ്ങള്‍ വിലയിരുത്തി
സന്നിധാനം: സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് ശബരിമല സന്നിധാനത്തില്‍ എത്തി മകരവിളക്കിനു മുന്നോടിയായുള്ള പോലീസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. സുഗമമായി നടത്തിപ്പിനായി 5000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഇതില്‍ 1800 ഓളം പേര്‍ സന്നിധാനത്തും 800 പേര്‍ പമ്പയിലും 700 പേര്‍ നിലക്കലും 1050 ഓളം പേര്‍ ഇടുക്കിയിലും 650 പേര്‍ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.
ഇതിനുപുറമേ, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് സേനകളുടെ സുരക്ഷയും ഉണ്ട്. മകരജ്യോതി കാണാനും അതിനുശേഷം സുഗമമായി മലയിറങ്ങാനും ഉള്ള സൗകരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരുവാഭരണ ഘോഷയാത്ര നടത്താന്‍ സ്പെഷല്‍ സ്‌കീം നിശ്ചയിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഒരു എസ്.പി, 12 ഡിവൈ.എസ്.പി, 31 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള 1440 ഓളം പോലീസ് ഉദ്യോഗസ്ഥരുണ്ട്. പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എന്‍.ഡി.ആര്‍.എഫ് തുടങ്ങിയ സേനകള്‍ ജ്യോതി കാണാന്‍ ആള്‍ക്കാര്‍ കയറുന്ന പ്രധാനപ്പെട്ട എല്ലാസ്ഥലത്തും സുരക്ഷ പരിശോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓര്‍ഡിനേഷന്‍ മീറ്റിംഗ് ഞായറാഴ്ച നടക്കും.
സന്നിധാനത്ത് ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, പമ്പയില്‍ സൗത്ത് സോണ്‍ ഐ.ജി ശ്യംസുന്ദര്‍, നിലക്കലില്‍ ഡി.ഐ.ജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡി.ഐ.ജി സതീഷ് ബിനു എന്നിവര്‍ ക്രമീകരണങ്ങള്‍ മേല്‍നോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും.
മകരവിളക്കിനുശേഷം ഭക്തര്‍ക്ക് പോകാനുള്ള എക്സിറ്റ് പ്ലാനും തയാറാക്കിയിട്ടുണ്ട്. തിരക്ക് വന്നാല്‍ എക്സിറ്റ് പ്ലാന്‍ ഉപയോഗപ്പെടുത്തി സുഗമായി ഭക്തജനങ്ങള്‍ക്ക് മലയിറങ്ങാനുള്ള ക്രമീകരണങ്ങളാണ് പോലീസ് തയാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
ശബരിമല ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, സൗത്ത് സോണ്‍ ഐ.ജി ശ്യംസുന്ദര്‍, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ വി. അജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.