സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നത് കാത്തലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച്; കൊലപാതകം നടന്നത് മലയാളികള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നോക്കി നില്‍ക്കവേ: ഷെഫീല്‍ഡിനെ നടുക്കിയ ദുരന്തത്തില്‍ സ്തംഭിച്ച് ബ്രിട്ടന്‍
ഷെഫീല്‍ഡിനെ നടുക്കിയ ദുരന്തത്തില്‍ സ്തംഭിച്ച് ബ്രിട്ടന്‍
ലണ്ടന്‍: കൗമാരക്കൊലപാതകങ്ങളുടെ അവസാനിക്കാത്ത പട്ടികയിലേക്ക് ഒന്നു കൂടി. ഷെഫീല്‍ഡ് സെയിന്റ്‌സ് കാത്തലിക് സ്‌കൂളിലാണ് ഒരു പതിനഞ്ചുകാരന്‍ സഹപാഠിയുടെ കുത്തേറ്റ് അതിധാരുണമായി കൊല്ലപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളുടെമുന്നില്‍ വെച്ചായിരുന്നു ഈ ആക്രമണം. ഉച്ചയോടെ പോലീസും, അടിയന്തര സേവാ വിഭാഗങ്ങളുമൊക്കെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. വൈകിട്ട് 4 മണിയോടെ കുട്ടി മരണമടഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവം എന്നായിരുന്നു വിവരമറിഞ്ഞ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്.
ഇതുമായി ബന്ധപ്പെട് ഒരു 15 കാരനെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. മൂന്ന് തവണയാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്. ആ പരിക്കുകള്‍ തന്നെയാണ് മരണകാരണം എന്ന് ഉറപ്പായിട്ടുമുണ്ട്. ഇരു വിദ്യാര്‍ത്ഥികളും പരസ്പരം അരോചകമായ ചില സന്ദേശങ്ങള്‍ അയച്ചതിന്റെ പരിണിതഫലമാണ് ഈ കൊലപാതകം എന്നാണ് സുഹൃത്തുക്കളായ മറ്റു ചില സഹപാഠികളെ ഉദ്ധരിച്ചു കൊണ്ട് പ്രദേശവാസിയായ ഒരു യുവാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
കേസ് അന്വേഷണം ആദ്യഘട്ടത്തിലായതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാവില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. ഊഹോപോഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട പോലീസ്, ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍, അക്കാര്യം പോലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹാര്‍വി വില്‍ഗോസ് എന്ന വിദ്യാര്‍ത്ഥിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഹാര്‍വിയുടെ ബാല്യകാല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മകന്‍ മകന്‍ മരിച്ചതിലെ ദുഃഖം മറക്കാന്‍ ശ്രമിക്കുകയാണ് ഹാര്‍വിയുടെ അമ്മ.
അക്രമിയായ വിദ്യാര്‍ത്ഥി കഴിഞ്ഞയാഴ്ചയും സ്‌കൂളിലേക്ക് മൂര്‍ച്ചയുള്ള ഒരു ആയുധം കൊണ്ടുവന്നിരുന്നതായി ചില രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് ജനുവരി 29 ന് ഈ സ്‌കൂള്‍ ലോക്ക്ഡൗണ്‍ ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥി തന്നെയാണ് അന്ന് ലോക്ക്ഡൗണിന് കാരണമായതെന്നും മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ആ സംഭവം കഴിഞ്ഞ് ഒരാഴ്ച പോലും കഴിയാത്തപ്പോള്‍, വീണ്ടും ആയുധം കൊണ്ടുവന്നത് സ്‌കൂള്‍ അധികൃതര്‍ എങ്ങനെ അംഗീകരിച്ചു എന്നും അവര്‍ ചോദിക്കുന്നു.
തികച്ചും സൗമ്യനായ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട ഹാര്‍വി എന്നാണ് സഹപാഠികളും അധ്യാപകരും പറയുന്നത്. എല്ലാവരോടും സൗമ്യമായി അടുത്തിടപഴകിയിരുന്ന കുട്ടിയായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു. കേവലം ഒരാഴ്ചക്കാലത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഓള്‍സെയിന്റ്‌സ് സ്‌കൂള്‍ അടച്ചിടുന്നത്. ജനുവരി 29 ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായ അക്രമ ഭീഷണിയായിരുന്നു ഇതിനു മുന്‍പ് സ്‌കൂള്‍ പൂട്ടാന്‍ കാരണമായത്.