അച്ഛനും അമ്മയും അറിയാന്‍, എനിക്ക് ഡോക്ടര്‍ ആവേണ്ട, പഠന സമ്മര്‍ദ്ദം സഹിക്കാനാകുന്നില്ല; കുറിപ്പെഴുതി വച്ച് ജീവനൊടുക്കി നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് നേടിയ 19 കാരന്‍; ഘൊരക്പൂരില്‍ എംബിബിഎസ് പ്രവേശനത്തിന് പ്രവേശനം കിട്ടിയതിന് പിന്നാലെ കടുംകൈ; ദുരന്തം താങ്ങ വയ്യാതെ മാതാപിതാക്കള്‍
നീറ്റ് റാങ്ക് ജേതാവ് ജീവനൊടുക്കി
മുംബൈ: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ഉന്നത റാങ്ക് നേടിയ 19-കാരന്‍ അനുരാഗ് അനില്‍ ബോര്‍ക്കര്‍ ജീവനൊടുക്കി. 99.99 ശതമാനം മാര്‍ക്ക് നേടി ഓള്‍ ഇന്ത്യ തലത്തില്‍ 1475-ാം റാങ്ക് നേടിയ അനുരാഗ്, ഘൊരഖ്പൂരിലെ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. ഘൊരഖ്പൂരിലേക്ക് പോകാനിരിക്കെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
ആത്മഹത്യാക്കുറിപ്പില്‍ തനിക്ക് ഡോക്ടറാകാന്‍ ഇഷ്ടമില്ലെന്നും പഠന സമ്മര്‍ദ്ദം സഹിക്കാനാകുന്നില്ലെന്നും അനുരാഗ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു വ്യവസായിക്ക് ഡോക്ടറെക്കാള്‍ കൂടുതല്‍ സമ്പാദിക്കാമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രവേശന പരീക്ഷയില്‍ 99.99 പെര്‍സെന്റൈല്‍ മാര്‍ക്കോടെയാണ് അനുരാഗ് വിജയം നേടിയത്. ഒബിസി വിഭാഗത്തില്‍ 1475-ാം റാങ്കും നേടിയിരുന്നു. ഗോരഖ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ഇദ്ദേഹത്തിന് പ്രവേശനം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ ദുരന്തം.
ആത്മഹത്യാക്കുറിപ്പില്‍, അഞ്ച് വര്‍ഷത്തെ എംബിബിഎസ് പഠനത്തോടും തുടര്‍ന്ന് എംഡി എടുക്കുന്നതിനോടുമുള്ള താല്പര്യമില്ലായ്മ അനുരാഗ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ തവണയും നീറ്റ് പരീക്ഷ എഴുതി എംബിബിഎസിന് പ്രവേശനം നേടിയിരുന്നെങ്കിലും, മെച്ചപ്പെട്ട കോളേജില്‍ പ്രവേശനം നേടുന്നതിനായി വീണ്ടും പരീക്ഷ എഴുതുകയായിരുന്നു.
സംഭവത്തില്‍ നവാര്‍ഗാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കൗമാരക്കാരില്‍ പഠനത്തിനും കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കും വേണ്ടിയുള്ള സമ്മര്‍ദ്ദം അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള കരിയര്‍ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അനുരാഗിന്റെ മരണത്തിലൂടെ ഈ വിഷയത്തിന് വീണ്ടും ശ്രദ്ധ ലഭിച്ചിരിക്കുകയാണ്
*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)*