ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയെ നിരീക്ഷിക്കാനും സമുദ്ര ആക്രമണശേഷി കൂട്ടാനും നാവികസേനയ്ക്ക് കരുത്തായി 26 റഫാല്‍-എം പോര്‍ വിമാനങ്ങള്‍ വരുന്നു; 63,000 കോടിയുടെ കരാറില്‍ ഈ മാസാവസാനം ഒപ്പിടും; റഫാല്‍ വിന്യസിക്കുക ഐഎന്‍എസ് വിക്രാന്തില്‍

നാവികസേനയ്ക്ക് വേണ്ടി 26 റഫാല്‍ എം പോര്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങും

Update: 2025-04-09 10:19 GMT

ന്യൂഡല്‍ഹി: നാവികസേനയ്ക്ക് വേണ്ടി 26 റഫാല്‍ എം പോര്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങും. 63,000 കോടി രൂപയുടെ കരാറിന് കേന്ദ്രമന്ത്രിസഭാ സമിതി അനുമതി നല്‍കി.

രാജ്യത്തെ നാവിസേനയ്ക്കായി പോര്‍വിമാനങ്ങള്‍ വാങ്ങുന്ന ആദ്യത്തെ സുപ്രധാന കരാറാണിത്. 2023 ജൂലൈയില്‍ പരിഗണിച്ച വാങ്ങല്‍ കരാറാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. ഐ എന്‍ എസ് വിക്രമാദിത്യ, ഐ എന്‍ എസ് വിക്രാന്ത് എന്നിവയില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് തീരുമാനം. ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും കരാര്‍.

അറ്റകുറ്റപ്പണി, ഉപകരണ-സേവന പിന്തുണ, ഉദ്യോഗസ്ഥ പരിശീലനം, തദ്ദേശീയ നിര്‍മ്മാണ സഹായം തുടങ്ങിയവയാണ് കരാറില്‍ ഉള്‍പ്പെടുന്നത്. ഈ മാസാവസാനം, ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റിയന്‍ ലെക്കോര്‍ണു ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കരാറുകള്‍ ഒപ്പിടും. കരാര്‍ സ്ഥിരീകരിച്ച ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞായിരിക്കും റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിച്ച് എത്തിക്കുക.

ലോകത്തിലെ അത്യാധുനിക പോര്‍ ജെറ്റ് വിമാനങ്ങളില്‍ ഒന്നാണ് റഫാല്‍ എം. 22 ഒറ്റ സീറ്റ് ജെറ്റുകളും നാല് ഇരട്ട സീറ്റ് ജെറ്റുകളും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും, സമുദ്രത്തിലെ ആക്രമണശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് റഫാല്‍ വിമാനങ്ങള്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ മിഗ്29 കെ പോര്‍ വിമാനങ്ങളുള്ള ഇന്ത്യക്ക് വലിയ മുതല്‍കൂട്ടായിരിക്കും പുതിയ റഫാല്‍ വിമാനങ്ങളുടെ വരവ്. മിഗ് വിമാനങ്ങള്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നായിരിക്കും തുടര്‍ന്നും ഓപ്പറേഷന്‍സ് നടത്തുക.

Tags:    

Similar News