താമരശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: ഒന്‍പതു വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ല; ഇന്‍ഫ്‌ലുവന്‍സ എ അണുബാധയെ തുടര്‍ന്നുള്ള വൈറല്‍ ന്യൂമോണിയ കുട്ടിയെ സാരമായി ബാധിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരി വയ്ക്കുന്നത് കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്
ഒന്‍പതു വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ല
കോഴിക്കോട്: താമരശ്ശേരിയില്‍ ഒന്‍പതു വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം (Amoebic Meningoencephalitis) അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ലുവന്‍സ എ (Influenza A) അണുബാധയെ തുടര്‍ന്നുള്ള വൈറല്‍ ന്യൂമോണിയയാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ കണ്ടെത്തല്‍, പെണ്‍കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായകമാണ്. നിലവില്‍ സനൂപ് ജയിലില്‍ തുടരുകയാണ്.
നേരത്തെ, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പോസ്റ്റ്മോര്‍ട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് ശേഖരിച്ച സ്രവത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായും സൂചിപ്പിച്ചിരുന്നു. എന്നാല്‍, കുട്ടിയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമല്ലെന്ന നിലപാടിലായിരുന്നു കുടുംബം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ഫ്‌ലുവന്‍സ എ അണുബാധയാണ് മരണത്തിനു കാരണമെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നു. ഈ സാഹചര്യത്തില്‍, ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും നിയമനടപടികളിലും ഇത് നിര്‍ണായക സ്വാധീനം ചെലുത്തും.
ഓഗസ്റ്റ് 14-നാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനയ മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ മകള്‍ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. രോഗനിര്‍ണ്ണയത്തിലും മരണത്തിലും സംശയമുണ്ടെന്ന് സനൂപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന്, ഒക്ടോബര്‍ എട്ടാം തീയതി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനെ സനൂപ് കൊടുവാള്‍ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയോട്ടിയുടെ പുറമേയുള്ള ഭാഗത്താണ് ഡോക്ടര്‍ക്ക് പരിക്കേറ്റത്. മറ്റൊരു ഡോക്ടറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ആളുമാറി ഡോ. വിപിന് വെട്ടേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടന്ന് അധികം വൈകാതെ സനൂപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചികിത്സയ്ക്കു ശേഷം ഡോ. വിപിന്‍ ആശുപത്രി വിട്ടു.