എനിക്ക് ഭാഷപരമായ പരിമിതികളുണ്ട് പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ; ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല; ഇംഗ്ലീഷിന്റെ പേരില്‍ ട്രോളുന്നവര്‍ക്ക് മറുപടിയുമായി എ എ റഹീം
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട് പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ
തിരുവനന്തപുരം: രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം എം.പിയുടെ ഇംഗ്ലീഷ് സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. കര്‍ണാടകയില്‍ റഹീം ചാനലിനോട് സംസാരിച്ച ഇംഗ്ലീഷ് പ്രതികരണമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തില്‍ തപ്പിത്തടഞ്ഞതാണ് റഹീം ട്രോളുകള്‍ ഏറ്റുവാങ്ങാന് ഇടയാക്കിയത്.
ഇതോടെ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഒരു ജനപ്രതിനിധിക്ക് ചേരുന്ന ഇംഗ്ലീഷ് പ്രയോഗമല്ല റഹീമിന്റേതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായര്‍ അടക്കമുള്ളഴര്‍ റഹീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
''ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാതിരിക്കുക എന്നത് ഒരു അപരാധം ഒന്നുമല്ല, പക്ഷെ എന്നിട്ടും അത് വെച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ നടക്കുന്നത് കടന്ന കൈയ്യാണ്,'' എന്ന് വീണ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സമാനമായ അഭിപ്രായം നിരവധി പേര്‍ പങ്കുവെച്ചിരുന്നു. മുമ്പും പലതവണ പാര്‍ലമെന്റിലെ റഹീമിന്റെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും, രാഷ്ട്രീയ ചര്‍ച്ചകളില്‍ തന്റെ നിലപാടുകള്‍ ഇംഗ്ലീഷില്‍ അവതരിപ്പിക്കന്നതില്‍ അദ്ദേഹം പിന്നോട്ട് പോയിട്ടില്ല.
ഇപ്പോള്‍ ട്രോളുകള്‍ വ്യാപിക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി റഹീം രംഗത്തുവന്നു. മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ.. ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നതെന്ന് പറഞ്ഞാണ് റഹീം രംഗത്തുവന്നിരിക്കുന്നത്. തന്നെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല,ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ലെന്നം റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
എ എ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. ..
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.
പക്ഷേ,
മനുഷ്യരുടെ സങ്കടങ്ങള്‍ക്ക്
ഒരു ഭാഷയേ ഉള്ളൂ..
ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്..
ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച്
ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,
അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. .
ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു.
പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
എന്റെ ഇംഗ്ലീഷിലെ
വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും.
പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?
അവരെ ആരെയും ഇവിടെയെന്നല്ല,ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല.
എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍,നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്.
എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്.
ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,
ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും.
(ട്രോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന വീഡിയോയുടെ ബാക്കി ഭാഗം)
