സ്‌കോട്‌ലന്റിലെ മലയാളി യുവാവിന്റെ മരണത്തിനു പിന്നില്‍ സംഭവിച്ചതെന്ത്? മകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ; മകന് ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്ന് തറപ്പിച്ച് പറഞ്ഞ് പത്മിനി

സ്‌കോട്‌ലന്റിലെ മലയാളി യുവാവിന്റെ മരണത്തിനു പിന്നില്‍ സംഭവിച്ചതെന്ത്?

Update: 2025-03-17 06:20 GMT

സ്റ്റിര്‍ലിംഗ്: സ്‌കോട്ട്ലാന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥി ഏബല്‍ തറയിലിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍. തൃശൂരുകാരനായ യുവാവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഏവലിന്റെ മാതാവ് പത്മിനി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി, ജില്ലാ പോലീസ് സൂപ്രണ്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എഡിന്‍ബര്‍ഗ് സ്‌കോട്ലന്‍ഡ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഏബലിന്റെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഏബലിന്റെ മാതാവ് പത്മിനി തന്റെ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഏബിലിന്റെ മരണത്തിലെ ദുരൂഹതയെ പറ്റി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌കോട്ട്ലന്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ മിഥുന്റെയും സുനില്‍ പായിപ്പാടിന്റെയും നേതൃത്വത്തില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗം ക്രിസ് ഗമിലക്കും നിവേദനം സമര്‍പ്പിച്ചു.

24 വയസുകാരനായിരുന്നു ഏബല്‍. അല്ലോവയ്ക്കും സ്റ്റിര്‍ലിംഗിനും ഇടയിലുള്ള ട്രെയിന്‍ ട്രാക്കിലാണ് ബുധനാഴ്ച രാത്രി 9.30 ഓടെ ഏബലിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ എബല്‍ തറയില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നും ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ആ രീതിയില്‍ ഏബലിനെ അസ്വസ്ഥനായൊന്നും കണ്ടിട്ടില്ല എന്നാണ് സഹപാഠികളുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തല്‍.

എബേലിന്റെ മരണത്തെത്തുടര്‍ന്ന്, സ്റ്റിര്‍ലിംഗിനും അല്ലോവയ്ക്കുമിടയിലുള്ള എല്ലാ സര്‍വീസുകളും സ്‌കോട്ട് റെയില്‍ നിര്‍ത്തിവച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് സ്‌കോട്ട് റെയിലിന്റെ കസ്റ്റമര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഫില്‍ കാംബെല്‍ അറിയിച്ചു. എബലിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസും വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലീസ് ബന്ധപ്പെട്ടുവരികയാണ്.

സ്റ്റര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു ഏബല്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ പ്രശസ്തനായ ഏബലിന്റെ മരണം വലിയ നടുക്കവും ദുഃഖവുമാണ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം നാട്ടില്‍ സംസ്‌കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒരുങ്ങുന്നത്. അതിനുമുമ്പ് സ്‌കോട്ട്ലാന്‍ഡില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

Tags:    

Similar News