കേസിലെ 125 സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടി വിചാരണ നീട്ടുന്നുവെന്ന ആരോപണം; കേസ് നടത്തിപ്പില്‍ ജില്ലാ കമ്മറ്റിക്കുണ്ടായത് ഗുരുതര വീഴ്ച; കലൂരിലെ രക്തസാക്ഷി സ്മാരം വാടകയ്ക്ക് കൊടുത്തവര്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ല; അഭിമന്യൂ കേസില്‍ തെറ്റ് തിരിച്ചറിഞ്ഞ് സിപിഎം; സ്വരാജിന് ചുമതല
തിരുവനന്തപുരം: അഭിമന്യു വധക്കേസ് നടത്തിപ്പില്‍ സി.പി.എം. എറണാകുളം ജില്ലാകമ്മിറ്റി വീഴ്ചവരുത്തിയെന്ന നിഗമനത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം. എറണാകുളം ജില്ലാ സമ്മേളനത്തില്‍ ഈ വിഷയം സജീവ ചര്‍ച്ചയാകും. ഇത് മനസ്സിലാക്കിയാണ് സിപിഎം സംസ്ഥാ നേതൃത്വം തിരുത്തലുകള്‍ നടത്തുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്നു അഭിമന്യു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടാണ് പ്രതിക്കൂട്ടില്‍.
വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അഭിമന്യുവിന്റെ അമ്മ ഭൂപതി ഡിസംബറില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസിന്റെ മേല്‍നോട്ടച്ചുമതല സംസ്ഥാനസെക്രട്ടേറിയറ്റംഗം എം. സ്വരാജിനെ ഏല്‍പ്പിച്ചു. കൊച്ചി കലൂരിലെ അഭിമന്യു സ്മാരകമന്ദിരം അര്‍ബന്‍ സഹകരണബാങ്കിന് വാടകയ്ക്കു നല്‍കിയതും വിവാദമായിരുന്നു. ഈ പണം വാങ്ങിയിട്ടും കേസില്‍ വേണ്ടത്ര ഇടപെടല്‍ ജില്ലാ കമ്മറ്റി നടത്തിയില്ല. ഇത് മനസ്സിലാക്കി സംസ്ഥാനനേതൃത്വം ഇടപെടുകയായിരുന്നു. വധക്കേസില്‍ വിചാരണ അനിശ്ചിതമായി നീളുന്നതും വിവാദമാണ്.
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിക്കാന്‍ വൈകുന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി ഇടപെടല്‍ നടത്തിയിരുന്നു. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയിലാണു കോടതി നടപടി. റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കു ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് നിര്‍ദേശം നല്‍കി. കേസ് വീണ്ടും ജനുവരി 17ന് പരിഗണിക്കും. ഈ സാഹചര്യത്തിലാണ് സിപിഎം ഇടപെടുന്നത്.
ആറുവര്‍ഷമായിട്ടും വിചാരണ തുടങ്ങാത്തതിനാല്‍ അഭിമന്യുവിന്റെ അമ്മ പാര്‍ട്ടി നേതൃത്വത്തിനെ സമീപിച്ചിരുന്നു. തുടര്‍ന്ന്, ഭൂപതിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ പാര്‍ട്ടി നേതാവ് കൂടിയായ അഡ്വ. അരുണ്‍കുമാറിനെ സി.പി.എം. ചുമതലപ്പെടുത്തുകയായിരുന്നു. ജില്ലാ കമ്മിറ്റിക്കാണ് കേസ് നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഇതില്‍ ഇനി വീഴ്ച വരുന്നില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പാക്കും. ഇതിന് വേണ്ടിയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന് ചുമതല നല്‍കിയത്.
പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരെ രക്ഷിക്കാന്‍ സി.പി.എം. നേതാക്കള്‍ ശ്രമിക്കുന്നതായി രാഷ്ട്രീയ ആരോപണവും ശക്തമാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ താനൂരില്‍ ഇടത് സ്ഥാനാര്‍ഥിയായിരുന്ന മന്ത്രി അബ്ദുറഹിമാന് പിന്തുണ നല്‍കിയതിനുപകരമായി എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടത് അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കണം എന്നായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം. പിന്തുണയെന്നും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപിച്ചിരുന്നു.
എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് 2018 ജൂലൈ 2ന് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് ക്യാംപസില്‍ നിലനിന്നിരുന്ന തര്‍ക്കത്തിനു പിന്നാലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്ന് അഭിമന്യുവിനെ കുത്തുകയായിരുന്നു. 16 പ്രതികളും 125 സാക്ഷികളുമാണ് കേസിലുള്ളത്. തുടര്‍ന്ന് 2018 സെപ്തംബര്‍ 26ന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് അഭിമന്യുവിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ കഴിഞ്ഞവര്‍ഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകള്‍ വിചാരണക്കോടതിയില്‍നിന്ന് നഷ്ടമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രോസിക്യൂഷന്‍ പുനഃസൃഷ്ടിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ നിര്‍ണായക സാക്ഷികളായ 25 പേര്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ്. ഇവരില്‍ പലരും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. എല്ലാവരും തന്നെ പഠനം പൂര്‍ത്തിയാക്കി കോളജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലര്‍ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമന്‍സ് നല്‍കാന്‍ പോലും ബുദ്ധിമുട്ടാണ്.
കേസിലാകെ 125 സാക്ഷികളുണ്ട്. ഇവരില്‍ പലരെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെല്ലാം പുറമേയാണു വിചാരണക്കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് അഭിമന്യു വധക്കേസിന്റെ കുറ്റപത്രം അടക്കമുള്ള 11 പ്രധാന രേഖകള്‍ മോഷണം പോയത്.