'തോളില്‍ കൈയ്യിട്ട് നടക്കുന്നവന്റെ കുത്തിന് ആഴമേറും'; അബിന്‍ വര്‍ക്കിയെ 'കട്ടപ്പയാക്കി' എ ഗ്രൂപ്പില്‍പ്പെട്ട യൂത്ത് നേതാക്കള്‍; ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവര്‍ കണ്ണാടിയില്‍ നോക്കണം; രാഹുലിന്റെ രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ വാക്‌പോര്; അഡ്മിന്‍ ഒണ്‍ലിയാക്കി ദേശീയ നേതൃത്വം

അബിന്‍ വര്‍ക്കിക്കെതിരെ രൂക്ഷവിമര്‍ശനം

Update: 2025-08-22 12:09 GMT

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ ലക്ഷ്യമിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ വാക്‌പോര്. കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രം പോസ്റ്റ് ചെയ്താണ് വിമര്‍ശനം ഉയര്‍ന്നത്. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. അബിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബാഹുബലി സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രമുള്ള പോസ്റ്റര്‍ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടാണ് രാഹുല്‍ അനുകൂലികളുടെ പ്രതിഷേധം. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തിയിട്ട് നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുലിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞതോടെ വാട്‌സ്അപ്പില്‍ തര്‍ക്കം മൂത്തു. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കി അനുനയ നീക്കത്തിലാണ് ദേശീയ നേതൃത്വം.

തോളില്‍ കൈയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും എന്നാണ് ചിത്രത്തിലെ വാചകം. പിന്നില്‍ നിന്ന് കുത്തി ഒരുത്തനെ നശിപ്പിച്ചിട്ട് ഒരു ഒറ്റുകാരനും വരേണ്ടെന്നും വിമര്‍ശനം ഉണ്ട്. ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവര്‍ കണ്ണാടിയില്‍ നോക്കണമെന്നും നേതാക്കള്‍. എ ഗ്രൂപ്പില്‍പ്പെട്ട യൂത്ത് നേതാക്കളാണ് അബിനെതിരെ വിമര്‍ശനവുമായി എത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നീക്കത്തിന് പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന സംശയത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.


'രക്തത്തിന് വേണ്ടി കൊതിച്ച ചെന്നായ്ക്കള്‍ എന്നുതന്നെ അവരെ വിശേഷിപ്പിക്കാം. നാണമില്ലാത്ത വര്‍ഗ്ഗങ്ങള്‍', 'ഒറ്റുകാര്‍ ശത്രുക്കളല്ല എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം', 'ചതിയുടെ മുഖ്യ ആയുധം അവന്റെ കള്ളച്ചിരി തന്നെയാണ്. തിരിച്ചറിയാന്‍ പറ്റാത്ത ചിരി. ആട്ടിന്‍ തോലിന് പകരം പച്ച തത്തയുടെ കുപ്പായം അണിഞ്ഞ ചെന്നായ. അവരെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല', കൂടെ ഉള്ളവനെ വേട്ടയ്ക്ക് ഇട്ട് കൊടുത്ത് കസേര മോഹവുമായി നടക്കുന്നവരുണ്ടെങ്കില്‍, അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ... ഞങ്ങളാരും വനവാസത്തിന് പോകാന്‍ ഉദ്ദേശിക്കുന്നില്ല, ഇവിടെത്തന്നെ കാണും...', 'കഥ മെനയലുകളഉം, സൂത്രത്തില്‍ കസേര ഒപ്പിക്കാനായുള്ള പോസ്റ്റര്‍ വിപ്ലവങ്ങളും തുടരട്ടെ.. നമുക്ക് കാണാം..', പ്രസിഡന്റിനെ കൊത്തി പറിക്കാന്‍ ഇട്ടുകൊടുത്തിട്ട് കസേര സ്വപ്നം കാണുന്ന ഒറ്റുകാരോട് ഒരു കാര്യം, ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി..'- തുടങ്ങിയ കമന്റുകളാണ് ഗ്രൂപ്പില്‍ വന്നത്. പ്രശ്‌നം രൂക്ഷമാകുന്ന ഘട്ടത്തിലെത്തിയതോടെ ഗ്രൂപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരും. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസില്‍ ധാരണയായി. ലൈംഗികാതിക്രമ കേസ് നേരിട്ടിട്ടും മുകേഷ് എംഎല്‍എയായി തുടരന്നതടക്കം ഉന്നയിച്ച് കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നുള്ള ആവശ്യത്തെ പ്രതിരോധിക്കും. അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ എല്ലാ ആരോപണങ്ങളും സമിതി അന്വേഷിക്കും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക സന്ദേശ വിവാദത്തില്‍ കുടുങ്ങി രാജിവെച്ചതോടെ പുതിയ അധ്യക്ഷനായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ്‌നോമിനിയായ മത്സരിച്ച അബിന്‍ വര്‍ക്കിക്കാണ് സാധ്യത കൂടുതല്‍. സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായത്. അധ്യക്ഷന്‍ രാജിവച്ച പശ്ചാത്തലത്തില്‍ രാഹുലിന് തൊട്ടു പുറകില്‍ രണ്ടാം സ്ഥാനത്ത് എത്തിയ അബിന്‍ വര്‍ക്കിക്ക് തന്നെ നറുക്ക് വീഴാനാണ് സാധ്യത. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ അബിന്‍ വര്‍ക്കിക്കായി സമ്മര്‍ദ്ദം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു ചുള്ളിയിലിന്റെ പേരും സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നു. കെ.സി വേണുഗോപാലിന്റെ പിന്തുണയാണ് ബിനു ചുള്ളിയിലിന്റെ കരുത്ത്.

അബിന്‍ വര്‍ക്കി, ബിനു ചുള്ളിയില്‍ എന്നിവര്‍ക്ക് പുറമെ കെഎം അഭിജിത്തിന്റെ പേരും മുഖ്യ പരിഗണനയിലുണ്ട്. അസ്വാരസ്യങ്ങള്‍ ഇല്ലാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന കരുത്തുറ്റ നേതൃത്വം വേണമെന്നാണ് പൊതുവികാരം. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുലിനോട് പരാജയപ്പെട്ടെങ്കിലും ഏറ്റവും അധികം വോട്ടുകള്‍ നേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ അധ്യക്ഷന്‍ ആക്കണമെന്ന ആവശ്യം ശക്തമാണ്.

അബിന് സ്വാഭാവിക നീതി നിഷേധിക്കപ്പെടരുത് എന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. രാഹുലിനോളം പൊതു സ്വീകാര്യത ഉള്ള നേതാവാണ് അബിന്‍ എന്ന കാര്യവും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. സാമുദായിക സമവാക്യം എന്ന മാനദണ്ഡം മുന്നോട്ട് വച്ച് അബിനെ ഒഴിവാക്കിയാല്‍ അതൃപ്തികള്‍ പരസ്യമായേക്കും. കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും അധ്യക്ഷ സ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

നേരത്തെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ ഒന്നായിരുന്നു ബിനു ചുള്ളിയിലിന്റേത്. ദേശീയ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറിയാണ് നിലവിലെ നിയമനം. കെസി വേണുഗോപാലുമായുള്ള അടുപ്പം അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ സഹായകരമാകും എന്നാണ് ബിനു ക്യാമ്പിന്റെ ആത്മ വിശ്വാസം.

കെഎസ്യുവിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത് ആണ് പരിഗണന പട്ടികയില്‍ മുന്‍പന്തിയിലുള്ള മറ്റൊരാള്‍. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരാണ് അഭിജിത്തിന്റേത്. ഏറ്റവും ഒടുവില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ പുനസംഘടനയില്‍ അഭിജിത്തിനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. എം കെ രാഘവന്റെ നേതൃത്വത്തില്‍ എംപിമാരുടെ സംഘം ഹൈക്കമാന്‍ഡ് നേതൃത്വത്തെ കണ്ടു പരാതിയും അറിയിച്ചു. ഇത്തരത്തിലുള്ള പിന്തുണ കണക്കിലെടുത്ത് അഭിജിത്ത് അധ്യക്ഷനായി എത്താനുള്ള സാധ്യതയും കൂടുതലാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍മാരായ അനുതാജ്, ഒ. ജെ ജനീഷ് എന്നീ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Tags:    

Similar News