സീ..ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്; രാജ്യം നടുങ്ങിയ ദുരന്തത്തിന് ആ വ്യക്തി മാത്രമല്ല ഉത്തരവാദി..!! കരൂർ ദുരന്തത്തിലെ പിഴവുകൾ എണ്ണിയെണ്ണി പറഞ്ഞ് നടൻ അജിത്; ടിവികെ നേതാവിന്റെ പേര് എടുത്ത് പറയാതെ വിമർശനം; ആരാധകരെ പാതി വഴിയിൽ പിരിച്ചുവിട്ട 'തല'യും സ്വന്തം ഫാൻസിനെ എന്നാ..നൻബായെന്ന് വിളിച്ച ദളപതിയും തമ്മിൽ ഇനി കോർക്കുമോ?
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ജനക്കൂട്ടത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന പ്രവണതയെ നടൻ അജിത് കുമാർ ശക്തമായി വിമർശിച്ചു. ദുരന്തങ്ങളിൽ ജനക്കൂട്ടത്തെ സ്വാധീനം തെളിയിക്കാൻ ഉപയോഗിക്കുന്ന രീതി അപകടകരമാണെന്നും ഇത്തരം പ്രവണതകൾ അവസാനിക്കണമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. നടൻ വിജയ്‌യുടെ പ്രവർത്തനങ്ങളെ അദ്ദേഹം പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
കരൂരിലെ പരിപാടിയ്ക്ക് ജനക്കൂട്ടത്തെ കൂടുതൽ ആകർഷിക്കാൻ വിജയ് മണിക്കൂറുകൾ വൈകിയെത്തിയത് സ്ഥിതിഗതികൾ വഷളാക്കിയെന്ന് പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അജിത്തിന്റെ പ്രതികരണം. "ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്. എന്നാൽ കരൂർ ദുരന്തത്തെ തുടർന്ന് തമിഴ്നാട്ടിൽ പലതും നടക്കുന്നുണ്ട്. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്," അജിത് പറഞ്ഞു.
മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ജനക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മാധ്യമങ്ങളും അവസാനിപ്പിക്കണം. സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറിയിരിക്കുന്നു. ആൾക്കൂട്ടങ്ങൾ അമിതമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. ഈ രീതി അവസാനിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാ താരങ്ങൾ സ്വന്തം സിനിമകൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും കുടുംബത്തിൽ നിന്ന് അകന്നു കഴിയുന്നതുമെല്ലാം ആരാധകരുടെ സ്നേഹത്തിനു വേണ്ടിയാണെന്നും അജിത് ഓർമ്മിപ്പിച്ചു. "താരങ്ങൾക്ക് ആരാധകരുടെ സ്നേഹം വേണം. സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും രാത്രിയിൽ ഷൂട്ട് ചെയ്യുന്നതും കുടുംബത്തിൽ നിന്നും വേർപെട്ടിരിക്കുന്നതുമെല്ലാം ജനങ്ങളുടെ സ്നേഹത്തിനാണ്.
സിനിമാ താരങ്ങൾ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു? ക്രിക്കറ്റ് കാണാൻപോകുന്ന ജനങ്ങളെ കണ്ടിട്ടില്ലേ. അവിടെ ഇതൊന്നും സംഭവിക്കുന്നില്ലല്ലോ. ഇത് സിനിമാമേഖലയെ ആകെ മോശം നിലയിൽ കാണിക്കുന്നു. ഇതൊന്നും ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല," അദ്ദേഹം പറഞ്ഞു.
കരൂർ ദുരന്തം, ജനസമ്മതി നേടാൻ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികളിലെ സുരക്ഷാ വീഴ്ചകളിലേക്കും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പാളിച്ചകളിലേക്കും വെളിച്ചം വീശുന്നു. താരങ്ങളുടെയും സംഘാടകരുടെയും ഇത്തരം നടപടികൾ പലപ്പോഴും അപകടങ്ങൾക്ക് വഴിവെക്കുന്നതായും ഇത് സിനിമാ മേഖലയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുന്നതായും അജിത് ആശങ്ക പ്രകടിപ്പിച്ചു.
