തെറ്റുകളും കുറ്റങ്ങളും എന്റേതാണ്, ചേര്‍ത്തു വച്ചാലും ചേരാത്ത ജീവിതം, അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്; 22 വര്‍ഷമായി തുടര്‍ന്ന ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു; ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി, അത് മാത്രമാണ് കാരണം..; ഡിവോഴ്‌സിലേക്കെന്ന് നടി ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്

ഡിവോഴ്‌സിലേക്കെന്ന് നടി ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്

Update: 2025-04-30 11:22 GMT

തിരുവനന്തപുരം: മലയാളം സിനിമയിലും സീരിയല്‍ രംഗത്തും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച അഭിനേത്രിയാണ് നടി ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ മത്സരാര്‍ത്ഥിയായിരുന്നു ഇവര്‍. നാടകങ്ങളിലൂടെയാണ് ലക്ഷ്മിപ്രിയ അഭിനയ രംഗത്തേക്കെത്തുന്നത്. മോഹന്‍ലാല്‍ നായകനായ നരന്‍ ആയിരുന്നു ലക്ഷ്മിപ്രിയയുടെ ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി സിനിമകളില്‍ ലക്ഷ്മിപ്രിയ സഹനടിയായെത്തി. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു ലക്ഷ്മി. സൈബറിടത്തില്‍ അഭിപ്രായങ്ങള്‍ പറയുന്ന ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കയാണ്.

താന്‍ വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു എന്നാണ് ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചത്. ഗായകന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകന്‍ ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 22 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു എന്നാണ് ഫേസ്ബിക്കിലൂടെ ലക്ഷ്മി അറിയിച്ചിരിക്കുന്നത്. പലവട്ടം ആലോചിച്ചുറപ്പിച്ച ശേഷം എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുന്നുവെന്നാണ് നടി പറയുന്നത്.

ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് നഷ്ടമായന്നൊണ് ലക്ഷ്മി പറയുന്നത്. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്‌നം ആണ്. ആയതിനാല്‍ ചേര്‍ത്തു വച്ചാലും ചേരാത്ത ജീവിതം, അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയും എന്ന് കരുതിയിട്ടില്ലായിരുന്നു എന്നും ലക്ഷ്മി പറയുന്നു. ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി. അത് മാത്രമാണ് കാരണം.. ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിന് അപ്പുറത്തേക്കുള്ള പ്രതികരണത്തിന് ലക്ഷ്മിപ്രിയ തയ്യാറായിട്ടില്ല. നടിയുടെ അപ്രതീക്ഷിത ഫേസ്ബുക്ക് കുറിപ്പില്‍ സൈബറിടത്തിലെ സുഹൃത്തുക്കള്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്മി പ്രിയയുടെ കുറിപ്പ് ഇങ്ങനെ:

ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇപ്പൊ ജീവിതം നാല്‍പതുകളുടെ തുടക്കത്തില്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ചുറപ്പിച്ച എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുകയാണ്. ഒരിക്കലും കുടുംബ വിശേഷങ്ങള്‍ അമിതമായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പങ്കു വയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നില നിര്‍ത്തുമ്പോള്‍ തന്നെയാണ് ഭംഗി എന്നാണ് എന്റെ വിശ്വാസം.

22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെപ്പറ്റിത്തന്നെയാണ് ഞാന്‍ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ആണ് ഡിവോഴ്‌സ് വര്‍ദ്ധിക്കുന്നത്. ഇത് കൗമാരം മുതല്‍ ഈ വയസ്സ് വരെ തുടരുന്ന ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് വളരെ കൂടുതല്‍ ആയിരിക്കും. ഇപ്പൊ എവിടെയോ ആ കണക്ഷന്‍ ഞങ്ങള്‍ക്കിടയില്‍ നഷ്ടമായിരിക്കുന്നു.

തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്‌നം ആണ്. ആയതിനാല്‍ ചേര്‍ത്തു വച്ചാലും ചേരാത്ത ജീവിതം, അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയും എന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പൊ ഞങ്ങളുടെ സെപറേഷന്‍ ടൈം ആയിരിക്കുന്നു.ദയവായി അതാണോ ഇതാണോ കാരണം എന്ന് അന്വേഷിക്കാതെ ഇരിക്കുക. ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി. അത് മാത്രമാണ് കാരണം.. ഞങ്ങളുടെ സ്വകാര്യത, മകള്‍ ഇതൊക്കെ മാനിക്കാന്‍ അപേക്ഷിക്കുന്നു.


 



ജയേഷുമായി ലക്ഷ്മി പ്രിയയുടേത് പ്രണയ വിവാഹമായിരുന്നു. ഇസ്ലാം മതവിശ്വാസിയായിരുന്ന ലക്ഷ്മിപ്രിയ 18-ാം വയസ്സിലെ വിവാഹശേഷമാണ് ഹിന്ദുമതം സ്വീകരിച്ചത്. സബീന അബ്ദുല്‍ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ യഥാര്‍ത്ഥ പേര്. സൂര്യ ടിവി, ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളിലായി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ നരന്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് ചക്കരമുത്ത്, ലയണ്‍, അതിശയന്‍, മാടമ്പി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു, 2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്നീ ചിത്രങ്ങളില്‍ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags:    

Similar News